''പല നടന്മാർക്കുമൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ച സ്ത്രീ, ഹണിയുടേത് വ്യാജ പരാതി'', നടിക്ക് വീണ്ടും അധിക്ഷേപം
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഹണി റോസിന്റേത് വ്യാജ പരാതി ആണെന്നും ബോബി ചെമ്മണ്ണൂരില്‍ നിന്ന് പണം തട്ടാന്‍ ഉദ്ദേശിച്ച് കൊണ്ടുളളതാണോ പരാതിയെന്ന് പരിശോധിക്കണം എന്നും സംഘടനാ പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
ബോബി ചെമ്മണ്ണൂരുമൊത്ത് രണ്ട് പരിപാടികളില്‍ ഹണി റോസ് പങ്കെടുത്തിട്ടുളളതാണ്. അദ്ദേഹത്തിന് കൈ കൊടുത്ത് പരിപാടികളില്‍ ഹണി ഡാന്‍സ് ചെയ്തിരുന്നു. വീഡിയോകള്‍ ഹണി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം പരാതി ഉന്നയിക്കുന്നത് തന്റെ സിനിമാ റിലീസിനോട് അടുത്താണ്. ഇതില്‍ ദുരൂഹതയുണ്ടെന്ന് അജിത് കുമാര്‍ പറയുന്നു.

സിനിമയിലെ ഹണിയുടെ കഥാപാത്രം ഇതുമായി ബന്ധപ്പെട്ടതാണെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ബോബി ചെമ്മണ്ണൂരിനെതിരായ പരാതി സിനിമാ പ്രമോഷന് വേണ്ടിയുളളതാണെന്നാണ് സംശയിക്കുന്നത്. ആദ്യത്തെ പരിപാടിയില്‍ വെച്ച് ഹണി റോസിന് മോശം അനുഭവം ആണ് ഉണ്ടായത് എങ്കില്‍ അവര്‍ ഒരിക്കലും രണ്ടാമത്തെ പരിപാടിക്ക് ഉദ്ഘാടകയായി പോകില്ലെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറയുന്നു.
നിരവധി നടന്മാരുടെ കൂടെ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച സ്ത്രീയാണ് ഹണി റോസ്. അങ്ങനെയുളള ഒരാള്‍ ഇങ്ങനെ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാം. ഈ പരാതി സിനിമാ പ്രമോഷന് വേണ്ടിയാണോ അതോ പണം തട്ടാനാണോ എന്നതില്‍ വിശദമായ അന്വേഷണം വേണം. അദ്ദേഹം മോശമായി പെരുമാറി എന്ന് നടി രഹസ്യമൊഴി നല്‍കിയിരിക്കണം. അല്ലാതെ ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചതിനല്ല അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവിടെ ബോബി ചെമ്മണ്ണൂരാണ് ഇരയെന്നും നേട്ടങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ തേജോവധം ചെയ്യുകയാണ് എന്നും അജിത് കുമാര്‍ ആരോപിച്ചു.
ഹണി റോസ് ആദ്യം ബോബി ചെമ്മണ്ണൂരിന്റെ പേര് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി അവരെ വിളിക്കുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയുമൊക്കെ ചെയ്തു. അദ്ദേഹം ബലാത്സംഗമോ കൊലപാതകമോ പിടിച്ചുപറിയോ ചെയ്ത വ്യക്തിയല്ല. അദ്ദേഹത്തെ വയനാട്ടില്‍ പോയി അറസ്റ്റ് ചെയ്യുന്നു. മുഖ്യമന്ത്രിക്ക് നൂറായിരം കാര്യങ്ങള്‍ ചെയ്യാനുണ്ടായിട്ടും അദ്ദേഹം അതൊന്നും ചെയ്യാതെ ഹണി റോസ് ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ കയറി ഇടപെടുന്നു. ജാമ്യം എടുക്കാനുളള അവസരം പോലും നല്‍കാതെ അദ്ദേഹത്തെ പോലൊരു നിരപരാധിയെ അറസ്‌റ് ചെയ്തത് ദൗര്‍ഭാഗ്യകരമാണ് എന്നും അജിത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications