മാസപ്പടി വിവാദം തകർന്നടിഞ്ഞു, എന്നിട്ടും മനോരമ സ്വീകരിക്കുന്ന നിലപാട് പരിഹാസ്യം: ആനാവൂർ നാഗപ്പന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന ആരോപണം സമ്പൂർണ്ണമായി തകർന്നടിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്‍. വീണയുടെ സ്ഥാപനം ഐ ജി എസ് ടി അടച്ചിട്ടുണ്ട് എന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നു. ഈ അസംബന്ധം വലിയതോതിൽ ആഘോഷമാക്കിയ യു ഡി എഫ് മുഖപത്രമായ മനോരമ പക്ഷെ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
നോരമയ്ക്ക് വീണ്ടും എന്തൊക്കെയോ അവ്യക്തത ഉണ്ടെന്നാണ് ഇന്നത്തെ വാർത്തകളിൽ പറയുന്നത്. ലോകത്താദ്യമായിട്ട് ആയിരിക്കും ഒരാൾ നികുതി അടച്ച് മാസപ്പടി വാങ്ങിയെന്ന ആരോപണം നേരിടേണ്ടി വരുന്നത്. എന്ത് മാത്രം ബാലിശവും അപഹാസ്യവുമായ നിലപാടാണ് മനോരമ സ്വീകരിക്കുന്നത്. ഓരോ നുണയും മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞ് പോയാലും വീണ്ടും വീണ്ടും നുണകൾ മെനയാനുള്ള മനോരമയുടെ മെയ്‌വഴക്കം ലോകപ്രസിദ്ധമാണ്.

പക്ഷെ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇവിടെ അരിയും തിന്ന് ആളെയും കടിച്ചിട്ടും പിന്നേം പട്ടിക്ക് മുറുമുറുപ്പ് എന്നപോലെയാണ് വിണാ വിജയനെതിരായ ആരോപണങ്ങളിലെ മനോരമയുടെ അവ്യക്തത വാദം. ഒരുകാലത്തും മനോരമക്ക് വ്യക്തത ഉണ്ടാകാനും ഇടയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, കംണ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റസിഡന്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ മോദിസർക്കാർ തീരുമാനിച്ചുവെന്നും സി പി എം നേതാവ് ചൂണ്ടിക്കാണിക്കുന്നു. വലിയ മുതൽമുടക്കും വാർഷിക വിറ്റുവരവും ഉള്ളതുമായ തുറമുഖങ്ങൾ, കപ്പൽശാലകൾ, ഹെവി എൻജിനീയറിങ് സാധനങ്ങൾ, താപവൈദ്യുതി നിലയങ്ങൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ സി ആൻഡ് എ.ജി ഉദ്യോഗസ്ഥന്മാർ ദൈനംദിനം ഓഡിറ്റ് നടത്താൻ ഉണ്ടായിരുന്നതാണ് മോദി നിർത്തലാക്കാൻ തീരുമാനിച്ചത്.
തന്ത്രപ്രധാന സ്ഥാപനങ്ങളിൽ സൂക്ഷ്മ ഓഡിറ്റിംഗ് നടത്തുന്ന രീതിക്ക് ഇതോടെ പൂട്ട് വീണു.കേന്ദ്രസർക്കാർ ഏറെ കൊട്ടിഘോഷിച്ച ആയുഷ്മാൻ ഭാരത്, ഭാരത് മാല പദ്ധതി തുടങ്ങിയവയിൽ വൻഅഴിമതിയും ക്രമക്കേടും നടന്നു എന്ന വസ്തുത ഓഡിറ്റ് ഉദ്യോഗസ്ഥന്മാർ കണ്ടുപിടിച്ചതിനെ തുടർന്നാണ് ഇനി ഓഡിറ്റിംഗ് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് മോദി എത്തിയത്. നാഴികയ്ക്ക് നാല്പത് വട്ടം അഴിമതി വിരുദ്ധത പ്രസംഗിക്കുകയും അഴിമതിക്കാരെയും കൊള്ളക്കാരെയും സംരക്ഷിക്കുകയുമാണ് മോദി സർക്കാറെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications