'സ്റ്റാൻ സ്വാമിയെ പോലെ ഐഷയും ബലിയാടാൻ അനുവദിച്ചുകൂട', പിന്തുണയുമായി എഎം ആരിഫ്
ആലപ്പുഴ: ഐഷ സുൽത്താനയെ കവരത്തി പോലീസ് കൊച്ചിയിൽ എത്തി ചോദ്യം ചെയ്തതിനെ വിമർശിച്ച് എഎം ആരിഫ് എംപി. ആയിഷ സുൽത്താനയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തതിനു പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്ന് എംപി പ്രതികരിച്ചു. സ്റ്റാൻ സ്വാമിയെ പോലെ ഐഷയും ബലിയാടാകാൻ അനുവദിച്ച് കൂടെന്നും ആരിഫ് പറഞ്ഞു
എഎം ആരിഫ് എംപിയുടെ പ്രതികരണം: ' ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥകൾക്കനുസരിച്ച് കഴിയുന്ന ഐഷ സുൽത്താനയുടെ എറണാകുളത്തെ ഫ്ലാറ്റിൽ കേന്ദ്രസർക്കാർ എജൻസികൾ റെയ്ഡും കടന്നുകയറ്റവും നടത്തി ലാപ്ടോപ് അടക്കമുള്ളവ എടുത്തു കൊണ്ടു പോയിരിക്കുന്നു. ഭരണകൂട ഭീകരതക്കെതിരെ സംസാരിക്കുന്നവർക്കെതിരെ ഒരിക്കലും തടവറക്കുള്ളിൽനിന്നും പുറത്തുവരാൻ പറ്റാത്ത വിധത്തിലുള്ള കള്ള തെളിവുകളുണ്ടാക്കി കള്ളക്കേസുകൾ ചുമത്തുന്നതിന് ഈ കേന്ദ്ര സർക്കാർ ഭരണ കാലത്ത് നാം സാക്ഷികളാണ്.

ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ സൈബർ ചാരന്മാർ നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെന്ന,യു.എസ്.ആസ്ഥാനമായ ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആയിഷ സുൽത്താനയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തതിനു പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടി വരും.
ഭീമകോറോഗാവ് കേസിൽ ഭരണകൂടം തടവിലിട്ട് കൊന്നുകളഞ്ഞ സ്റ്റാൻസ്വാമിയുടെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മുഴുവൻ തെളിവുകളും വ്യാജമായി ലാപ്ടോപ്പിലും ഈ മെയിലിലും മാൾവെയറിലൂടെ സ്ഥാപിച്ചതാണ് വയോധികനായ ആ പുരോഹിതന്നെ അടിസ്ഥാന സൗകര്യങ്ങൾ വരെ നിഷേധിച്ച് തടവിലിട്ട് കൊല്ലാൻ കാരണമാക്കിയതെന്ന് ഇന്ന് തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നു. ഈ റെയ്ഡ് നടത്തി എടുത്തു കൊണ്ടുപോയ ലാപ്ടോപ്പിൽ ഇവർ എന്തെല്ലാം കള്ളത്തെളിവുകളാണ് തിരുകി കയറ്റാൻ പോകുന്നത് എന്നാർക്കറിയാം.
Recommended Video
ലക്ഷദ്വീപിലെ തൻ്റെ ജനതയ്ക്ക് അനുകൂലമായി സംസാരിച്ചു എന്ന ഒറ്റക്കാരണത്താൽ ഇത്തരം വ്യാജത്തെളിവുകളിലൂടെ ഇവരും കൂടി ബലിയാടാവാൻ നാം അനുവദിച്ചുകൂടാ.. മനുഷ്യാവകാശത്തെ ഹനിക്കുന്ന ഭരണകൂടത്തിന്റെ കിരാത ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പ്രതിക്ഷേധം അലയടിക്കേണ്ടതുണ്ട്. ഇന്ത്യൻ പൗരയെന്ന നിലയിലുള്ള ഐഷ സുൽത്താനയുടെ അടിസ്ഥാന അഭിപ്രായഅവകാശങ്ങൾക്കൊപ്പം നാം ഓരോരുത്തരും ഉറച്ച നിലപാട് എടുക്കേണ്ടതുണ്ട്..












Click it and Unblock the Notifications