അമല പോളിനെതിരെ കെപി ശശികല: കുറിപ്പെഴുതുകയല്ല, ആചാരങ്ങളെ അംഗീകരിക്കണമായിരുന്നു
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദർശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്നായിരുന്നു ക്ഷേത്രത്തിലെ രജിസ്റ്ററിൽ നടി കുറിച്ചത്. "മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി.
മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും" - ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ആചാരം. ഇത് ചൂണ്ടിക്കാട്ടി അധികൃതർ ദർശനം നിഷേധിച്ചതോടെ റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.

അതേസമയം, 'നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു'- എന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല അഭിപ്രായപ്പെടുന്നത്. ആചാരങ്ങള്‍ മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാനെന്നും ശശികല പറഞ്ഞു.

പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാനെന്നും അവർ വ്യക്തമാക്കി.
ഒരേ ചായ കുടിച്ച് മടുത്തോ? എങ്കില്‍ ഈ വ്യത്യസ്ത തരം ചായകള്‍ പരീക്ഷിക്കൂ

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് ക്ഷേത്രത്തിലേക്ക് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്. അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമലപോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടതെന്നും ശശികല റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടില്‍ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് ശശികല ഇന്ന് സ്വീകരിച്ചത്. ആചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വാസം എഴുതി വാങ്ങി വിശ്വാസിയായ ഇതരമതസ്ഥന് ക്ഷേത്രദര്‍ശനം അനുവദിക്കാവുന്നതല്ലേയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ വി ബാബുവിന്റെ നിലപാടിനോട് അനുകൂലമായിട്ടായിരുന്നു ശശികല കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇത് സംബന്ധിച്ച് ആർവി ബാബു പങ്കുവെച്ച കുറിപ്പും ശശികല ഷെയർ ചെയ്തിരുന്നു. ആ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.

വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും












Click it and Unblock the Notifications