ബിജെപി ഹൈന്ദവ പാർട്ടി മാത്രമാണെന്ന പ്രചരണങ്ങൾക്കുള്ള മറുപടി; അനിൽ ആൻറണിയുടെ വരവിൽ മുരളീധരൻ
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും മുൻ കെ പി സി സി സോഷ്യൽ മീഡിയ കൺവീനറുമായി അനിൽ ആൻറണി ബി ജെ പിയിൽ ചേർന്ന നടപടി കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇന്ന് ദില്ലിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു അനിൽ ആന്റണിയുടെ പാർട്ടി പ്രവേശം. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു.
ഇപ്പോഴിതാ അനിലിന്റെ വരവിനെ സ്വാഗതം ചെയ്യുകയാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി കൂടിയായ വി മുരളീധരൻ. ബിജെപിയുടെ സ്ഥാപക ദിനത്തിൽ തന്നെ അനിൽ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

'അനിൽ ആന്റണി കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലൂടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറത്ത് നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ച് പ്രതികരിച്ച ആളാണ്.കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോഴും അനിൽ ബിബിസി വിഷയത്തിൽ എടുത്ത നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നാടിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്നവർ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് കൊണ്ട് ഭാരതീയ ജനതാപാർട്ടിയുടെ കൊടിക്ക് കീഴിൽ വരാൻ സന്നദ്ധരാകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് അനിലിന്റെ ബിജെപി പ്രവേശനത്തെ കാണുന്നത്.
ഹൈന്ദവ മതവിശ്വാസത്തിൽ പെടാത്തവരെ ബിജെപി സ്വാഗതം ചെയ്യില്ലെന്നാണ് പൊതുവെയുള്ള സംസ്ഥാനം.ക്രൈസ്തവ മതവിശ്വാസിയായിട്ടുള്ള അനിൽ ആന്റണിയുടെ കടന്ന് വരവ് ഈ തരത്തിൽ പ്രചരണം നടത്തുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ്', വി മുരളീധരൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി അനിൽ ആന്റണി ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റോടെയായിരുന്നു ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നത്.
അനിലിന്റെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. തുടർന്ന് പാർട്ടി പദവികളെല്ലാം അനിൽ രാജിവെയ്ക്കുകയായിരുന്നു.പിന്നീട് പലപ്പോഴായി കോൺഗ്രസിനേയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തേയും വളരെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് അനിൽ ട്വീറ്റുകൾ പങ്കിട്ടിരുന്നു. മാത്രമല്ല പ്രധാനമന്ത്രി അടക്കമുള്ള ബി ജെ പി നേതാക്കളെ പിന്തുണച്ചും അനിൽ പ്രതികരിച്ചിരുന്നു.
എന്നാൽ ബിജെപിയിൽ ചേരുമോയെന്ന ചോദ്യങ്ങളോടെല്ലാം അനിൽ ഇല്ലെന്ന മറുപടികളായി നൽകിക്കൊണ്ടിരുന്നത്. എന്നിരുന്നാലും അനിലിന്റെ ഇപ്പോഴത്തെ നീക്കം കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നതാണ്. അനിലിന്റെ എല്ലാ പ്രസ്താവനകളും താൻ ബിജെപിയിലേക്കെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് അടുത്തിടെ മുതിർ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞിരുന്നു.
അതേസമയം മകന്റെ പാർട്ടി പ്രവേശത്തിൽ ഏകെ ആന്റണിയുടെ പ്രതികരണമാണ് ഉറ്റുനോക്കുന്നത്. മുതിർന്ന വ്യക്തിയെന്ന നിലയിൽ സ്വന്തം രാഷ്ട്രീയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനിലുണ്ടെന്നതാണ് ആന്റണിയുടെ നിലപാട്. സംഭവത്തിൽ വ്യക്തമായ മറുപടി നൽകാൻ വൈകീട്ട് ആന്ണി പത്രസമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications