രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്; ബലാത്സംഗ കുറ്റം ചുമത്തി; പെണ്‍കുട്ടിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കായി വീണ്ടും ബലാത്സംഗ കേസ്. രണ്ടാമത്തെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐജി സ്പര്‍ജന്‍ കുമാറിനാണ്. പരാതി ഉന്നയിച്ച 23-കാരിയില്‍ നിന്ന് മൊഴിയെടുക്കും. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
രാഹുലിനെതിരെ ബെംഗളൂരു സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഈ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. ബലാത്സംഗം കുറ്റം ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഒരേയൊരു പ്രതിയാണുള്ളത്. നാളെ ആദ്യത്തെ പരാതിയില്‍ രാഹുലിന്റെ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ വാദം തുടരുന്നതിനിടയിലാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതി നല്‍കിയ യുവതിയില്‍ നിന്ന് മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതേസമയം രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാന് എതിരെ നിലവില്‍ കേസ് എടത്തിട്ടില്ല. ഫെനി നൈനാനും ഈ കേസില്‍ പങ്കുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു. അന്വേഷണ സംഘം യുവതിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. അതുപ്രകാരം യുവതി മൊഴി നല്‍കാനും നടപടികളുമായി മുന്നോട്ടു പോകാനും സന്നദ്ധയായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു സ്വദേശിനിയായ യുവതി കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. ദേശീയ നേതൃത്വത്തിനും പരാതി നല്‍കി. താന്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തി അവിടെ വച്ചായിരുന്നു പീഡനം. നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുലിന് വേണ്ടി തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
യുവതിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം രാഹുലിന് എതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു. നട്ടെല്ലും നിലപാടും ഉണ്ടെങ്കില്‍ ഒളിവില്‍ നിന്ന് രാഹുല്‍ പുറത്തുവരണമെന്നാണ് വനിതാ കോണ്‍ഗ്രസ് നേതാവ് ക്ഷമാ മുഹമ്മദ് പറഞ്ഞത്.












Click it and Unblock the Notifications