അനുപമ വൈറൽ യുട്യൂബ് താരം,5 ലക്ഷം സബ്സ്ക്രൈബേഴ്സ്..പത്മകുമാർ എഞ്ചിനിയറിങ് റാങ്കുകാരൻ,നിരവധി ബിസിനസും
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറൽ താരം. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ. കേസിൽ ഇവർക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അനുപമ പത്മൻ എന്ന പേരിലാണ് അനുപമയ്ക്ക് ചാനൽ ഉള്ളത്. ഇതിന് 4.99 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14000ത്തോളവും. നൃത്തം ചെയ്യുന്നതും റിയാക്ഷൻ വീഡിയോകളുമെല്ലാമായി നിരവധി വീഡിയോകൾ അനുപമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് അവതരണങ്ങൾ ഏറെയും. മൃഗസ്നേഹിയാണ് അനുപമ. നിരവധി വളർത്തുനായ്ക്കൾ ഇവരുടെ വീട്ടിലുണ്ട്. നായക്കളെ ദത്തെടുക്കുന്ന പതിവും ഇവർക്കുണ്ടത്രേ. നായ്ക്കളുടെ എണ്ണം കൂടിയതിനാൽ വീട്ടിൽ താമസിപ്പിക്കാനാകുന്നില്ലെന്നും ഷെൽട്ടർ ഹോം തുടങ്ങാൻ സഹായം നൽകണമെന്നും അഭ്യർത്ഥിച്ച് നേരത്തേ അനുപമ പോസ്റ്റും പങ്കുവെച്ചിരുന്നു.

അതേസമയം അനുപമയുടേയും കുടുംബത്തിന്റേയും അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് പരിസരവാസികൾ. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലുള്ളവരാണെന്നും എന്തിന് ഇവർ ഇത്തരമൊരു പ്രവൃത്തി ചെയ്തുവെന്ന അതിശയവും നാട്ടുകാർ പങ്കുവെയ്ക്കുന്നു. പത്മകുമാറും കുടുംബവും പരിസരവാസികളുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. പത്മകുമാറിന് നിരവധി ബിസിനസ് ഉണ്ടെന്നും അടുത്തിടെയായി കടബാധ്യത ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാർ പറയുന്നുണ്ട്.
കമ്പ്യൂട്ടർ വിദഗ്ദനാണ് പത്മകുമാർ. പ്രമുഖ എൻജിനിയറിംഗ് കോളേജിൽ നിന്നും റാങ്കോടെ പാസായ പത്മകുമാർ പക്ഷേ മറ്റ് ജോലികൾ തേടാതെ നേരിട്ട് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ്സ്റ്റാർ, ബിരിയാണി കച്ചവടം, കൃഷി, റിയൽ എസ്റ്റേറ്റ്, കേബിൾ ടിവി തുടങ്ങി പല ബിസിനസുകളും ചെയ്തിട്ടുണ്ട്. ഇയാൾ പോളച്ചിറയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു ഫാം ഹൗസ് ഉണ്ട്. കൂടാതെ തമിഴ്നാട്ടിൽ കൃഷിയും ഉണ്ട്.
ചാത്തന്നൂരിൽ ബേക്കറിയും നടത്തുന്നുണ്ട്. എന്നാൽ ഇവിടേക്ക് പത്മകുമാർ പതിവായി പോകാറില്ല. അതേസമയം സംഭവം നടന്നതിന്റെ തലേന്നാൾ ഫാം ഹൗസിലും ബേക്കറിയിലുമെല്ലാം പത്മകുമാർ പോയിരുന്നു. വീട്ടിലെ നായകളെ ഫാം ഹൗസിൽ ആക്കിയാണ് കുടുംബം ഇവിടെ നിന്ന് മടങ്ങിയത്. തമിഴ്നാട്ടിലുള്ള കൃഷിയിടത്തിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും കുടുംബം പോയത്. അറസ്റ്റിലാകുന്നതിന് തലേന്നാൾ ഫാം ഹൗസിലെ ജീവനക്കാരെ വിളിച്ച് തങ്ങൾ തമിഴ്നാട്ടിലാണ് ഉള്ളതെന്നും കുടുംബം അറിയിച്ചിരുന്നു. എന്നാൽ നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഇവരാണെന്ന് ഒരിക്കൽ പോലും ജീവനക്കാർക്ക് പോലും സംശയം തോന്നിയിരുന്നില്ല.












Click it and Unblock the Notifications