തന്നെ അധികാര മോഹിയെന്ന് വിളിക്കുന്നവര്‍ ഈ ചരിത്രം മനസിലാക്കൂ, സുധാകരനെതിരെ അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സിപിഎം വിട്ട് എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരം മോഹിച്ചാണെന്ന ആരോപണത്തിനെതിരെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് അബ്ദുള്ളക്കുട്ടിയുടെ മറുപടി. കോണ്‍ഗ്രസിലെത്തിയ തനിക്ക് സീറ്റ് ലഭിക്കുന്നത് തടയാന്‍ കെ സുധാകരന്‍ മൂന്ന് തവണ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും അബ്ദുള്ളക്കുട്ടി ഉന്നയിച്ചു.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് എംപിമാരും എട്ട് എംഎല്‍എമാരും സിപിഎമ്മിന്റേതായിരുന്ന കാലത്താണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. അന്ന് കെ സുധാകരനും കെസി ജോസഫും മാത്രമാണ് കണ്ണൂരില്‍ നിന്ന് നിയമസഭയിലുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍. ഇതിനെ അധികാരമോഹമെന്ന് വിളിക്കുന്നത് തമാശയാണ്. താന്‍ അധികാരമോഹിയാണെന്ന് പറയുന്നവര്‍ ഈ ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ സീറ്റില്‍ മല്‍സരിച്ച കെ സുധാകരന്‍ കണ്ണൂര്‍ നിയമസഭാ സീറ്റ് തനിക്ക് ലഭിക്കാതിരിക്കാന്‍ ഇടപെട്ടിരുന്നു. സുധാകരന്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ സുരേന്ദ്രന് സീറ്റ് നല്‍കാനാണ് ശ്രമിച്ചത്. തന്നോട് ഇക്കാര്യം പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും ചെയ്തു.എന്നാല്‍ ഹൈക്കമാന്റ് തീരുമാനം മറിച്ചായിരുന്നു. സീറ്റ് തനിക്ക് കിട്ടുകയും ചെയ്തുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
2011ലും കണ്ണൂര്‍ സീറ്റ് സുരേന്ദ്രന് ലഭിക്കാന്‍ സുധാകരന്‍ ശ്രമം നടത്തി. പയ്യന്നൂരോ തളിപ്പറമ്പോ മല്‍സരിച്ചോളൂ എന്നാണ് അന്ന് തന്നോട് സുധാകരന്‍ പറഞ്ഞത്. എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കട്ടെ എന്ന് ഹൈക്കമാന്റ് തീരുമാനിച്ചു. ഇതില്‍ സുധാകരന് തന്നോട് ദേഷ്യമുണ്ടായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
2016ല്‍ ഇതേ ഇടപെടലുണ്ടായി. ഒടുവില്‍ തനിക്ക് സീറ്റ് മാറേണ്ടി വന്നു. സുധാകരന്‍, സണ്ണി ജോസഫ്, കെ സുരേന്ദ്രന്‍ എന്നിവരാണ് തന്നോട് സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടത്. താന്‍ മാറികൊടുക്കുകയും കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു. താന്‍ മാറിയാല്‍ സീറ്റ് നഷ്ടമാകുമെന്ന് അവരെ ബോധിപ്പിച്ചിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.












Click it and Unblock the Notifications