'ഗുജറാത്ത് കണ്ട് പഠിക്കാൻ പറഞ്ഞതിനല്ലേ എന്നെ പുറത്താക്കിയത്';പിണറായിയെ അഭിനന്ദിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം; 14 വർഷം മുമ്പ് ഗുജറാത്ത് കണ്ട് പഠിക്കണം എന്ന് പറഞ്ഞതിനാണ് തന്നെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് എപി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡൽ പഠിക്കാൻ കേരള സംഘത്തെ അയച്ച സർക്കാർ നടപടി സ്വഗതാർഹമാണെന്നും തീരുമാനത്തിൽ പിണറായിയെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തെ സ്വാഗതം ചെയ്യുകയാണ്, ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. മുൻപ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ഇ ഗവേണൻസ് രംഗത്ത് മാത്രമല്ല സമസ്ത മണ്ഡലങ്ങളിലും മാതൃകാപരമായ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്. കാർഷിക, വ്യവസായിക, അടിസ്ഥാന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായത്. അത്തരം വികസനങ്ങളെല്ലാം പഠിക്കാൻ കേരള സംഘത്തെ അയച്ചതിന് പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുകയാണ്'
'14 വർഷം മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും പുറത്തും ശക്തമായി ഗുജറാത്തിലെ വികസനം കണ്ട് പഠിക്കാൻ നമ്മൾ തയ്യാറാകണം എന്ന് പറഞ്ഞ ആളാണ് ഞാൻ. വികസനത്തിന് രാഷ്ട്രീയം പാടില്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിന്റെ പേരിൽ സി പി എം എന്നെ പുറത്താക്കി. പിണറായി സർക്കാർ ഇപ്പോൾ ചെയ്ത പ്രവർത്തിയെ പരിഹസിക്കാനോ വിമർശിക്കാനോ താൻ ഉദ്ദേശിക്കുന്നില്ല. പകരം ഉള്ളിൽ തട്ടി ആത്മാർത്ഥമായി അഭിനന്ദിക്കാനാണ് താൻ ആഗ്രഹിക്കുന്നത്'
'ഗുജറാത്തിൽ മാത്രം പോയാൽ പോര, കെ എസ് ആർ ടി സിയിൽ നിന്നും യോഗി ആദിത്യനാഥിന്റെ നാടായ യു പിയിലേക്കും ഒരു സംഘത്തെ അയക്കണം. കെ എസ് ആർ ടി സി നന്നാക്കാൻ പഠിക്കാൻ വകുപ്പ് എം ഡി നെതർലാൻറിലേക്ക് പോയെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ കണ്ടത്. ഗതാഗത വകുപ്പ് ലാഭത്തിലാക്കിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് യോഗി ആദിത്യനാഥ്. അദ്ദേഹം അധികാരത്തിലേറുമ്പോൾ 183 കോടി നഷ്ടത്തിലായിരുന്നു യുപിഎസ്ആർടിസി. ഒരു കൊല്ലം കൊണ്ട് 83 കോടി രൂപ അദ്ദേഹം ലാഭത്തിലാക്കി. മുൻപ് യുപി ഭരിച്ചവർ ഗ്രാമങ്ങളെ തിരഞ്ഞ് നോക്കിയിട്ടില്ല. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും യുപിയിലെ ഗ്രാമങ്ങളിൽ ബസ് സർവ്വീസുകൾ ഉണ്ടായിരുന്നില്ല. യോഗി ആദിത്യനാഥ് സർക്കാർ 26000 ഗ്രാമങ്ങളിൽ ബസ് സർവ്വീസ് നടപ്പാക്കി. ഈ മാതൃകയാണ് കേരളം പഠിക്കേണ്ടത്'.
'ആരോഗ്യ മേഖലയിൽ യുപിയിൽ വളരെ വലിയ വളർച്ചയാണ് ഉണ്ടാകുന്നത്. ഡസൻ കണക്കിന് മെഡിക്കൽ കോളേജുകളാണ് സർക്കാർ സ്ഥാപിക്കുന്നത്. 75 ജില്ലകളിലും ഓരോ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാർ തിരുമാനം. ആരോഗ്യ രംഗത്ത് യുപിയിൽ തകാറുകൾ ഉണ്ട്. എന്നാൽ ഈ ആറ് വർഷം ഭരിച്ചവർ അല്ല, അറുപത് വർഷം ഭരിച്ചവരാണ് അതിന് ഉത്തരവാദികൾ'.
'കേരളത്തിൽ രാഷ്ട്രീയ അതിപ്രസരമാണ്, മാത്രമല്ല നോക്കു കൂലി, ഹർത്താൽ, ബന്ദ്, പൊതുപണിമുടക്ക് എന്നിവയുടെ പേരിൽ ജനതയെ ബന്ദിയാക്കുന്ന രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിൽ നിന്നും മാറണം, മാറി ചിന്തിക്കാൻ തയ്യാറാകണം. അത്തരം വിമർശനങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ട് തന്നെ ഇപ്പോൾ കേരള സംഘത്തെ ഗുജറാത്തിലേക്ക് അയച്ച പിണറായി സർക്കാർ നടപടി മാതൃകാപരമാണ്. അതിന് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂവെന്നും അബ്ദുള്ള കുട്ടി പറഞ്ഞു'.