അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; തോപ്പുംപടിയിലേക്കുള്ള റാമ്പ് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു
കൊച്ചി: നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിർണായക പദ്ധതിയായ അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ട ജോലികൾ എല്ലാം പൂർത്തിയാക്കിയ ഇവിടെ ഇപ്പോൾ അവസാനഘട്ട ജോലികളാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവിൽ തോപ്പുംപടി ഭാഗത്തേക്കുള്ള റാമ്പ് നിർമ്മാണമാണ് അതിവേഗത്തിൽ പുരോഗമിക്കുന്നത്.
ഈ പ്രവൃത്തിയുടെ ഭാഗമായി റോഡിന് പടിഞ്ഞാറ് ഭാഗം ഏറ്റടുത്ത കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കിയിരുന്നു. നേരത്തെ അരൂർ സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിന് മുന്നിൽ നിന്ന് റാമ്പ് നിർമ്മാണം ആരംഭിച്ചിരുന്നു. ഇത് പിന്നീട് ബൈപ്പാസ് ജങ്ഷന് സമീപം വരെ എത്തി നിൽക്കുകയാണ്. ഇതിന്റെ ബാക്കി തോപ്പുംപടി റോഡിലേക്ക് ചായ്ച്ച് ഇറക്കുന്നതിനായാണ് കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കിയിരിക്കുന്നത്. അടുത്തിടെ വരുത്തിയ ഡിസൈൻ മാറ്റങ്ങളുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

അരൂർ-തുറവൂർ ഉയരപ്പാതയിലൂടെ തുറവൂർ ഭാഗത്തു നിന്ന് വന്ന് തോപ്പുംപടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇറങ്ങുന്നതിനാണ് ഇവിടെയുള്ള റാമ്പ് ഉപയോഗപ്പെടുത്തുക. ബാക്കി വാഹനങ്ങൾ വൈറ്റില ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് വഴിയാണ് യാത്ര തുടരേണ്ടത്. ഇവിടെ ആദ്യ തൂണിന് മുന്നിൽ അപ്രോച്ച് റോഡാണ് നിർമ്മിക്കുക.
ഇരുവശങ്ങളിലും കോൺക്രീറ്റ് കട്ടപാകി ഉറപ്പിച്ച് നടുക്ക് മണ്ണ് നിറച്ചാകും അപ്രോച്ച് റോഡ് പൂർത്തീകരിക്കുകയെന്നാണ് വിവരം. കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്തിന് സമീപമാകും അപ്രോച്ച് റോഡ് നിലവിലെ പാതയുമായി ചേരുക. ഇതിന് ഇടതും വലതും ഭാഗത്ത് മറ്റ് രണ്ട് സർവീസ് റോഡുകൾ കൂടി നൽകുമെന്നാണ് വിവരം.
ഈ സർവീസ് റോഡുകളിൽ ഒന്ന് തോപ്പുംപടി ഭാഗത്തു നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കും. മറുവശത്തേത് ചേർത്തല ഭാഗത്തേക്ക് നിലവിലെ ദേശീയപാതയിലൂടെ കടന്നുപോകുന്നതിനുമായി മറ്റൊരു സർവീസ് റോഡും ഉണ്ടാവും. ഇതിന്റേയും ജോലികൾ തുടങ്ങിയിട്ടുണ്ട്.
അതിനിടെ അടുത്ത കാലത്തായി പദ്ധതിയുടെ ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പകരമായി ജംഗ്‌ഷനില്‍ നിന്നു 200 മീറ്റര്‍ തെക്കോട്ട് തൂണുകളിലും പിന്നീട് 280 മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയുള്ള അപ്രോച്ച് റോഡും നിര്‍മ്മിച്ചുകൊണ്ട് അതിനെ തുറവൂര്‍-പറവൂര്‍ റീച്ചിലെ 6 വരി പാതയില്‍ ബന്ധിപ്പിക്കുന്ന വിധമായിരിക്കും പുതിയ ഡിസൈൻ.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ 12.75 കിലോമീറ്റർ നീളമുള്ള, ആറ് വരിപ്പാതയുള്ള, രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ ആയിരിക്കും. ഇത് കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൊണ്ട് വന്നിരിക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമാണ് ഈ ഭാഗം. ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി 2026 മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഉദ്‌ഘാടനം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടാവും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതിനായി നിലവിൽ അതിവേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. സ്വതവേ ഗതാഗത കുരുക്ക് കൊണ്ട് മുറുക്കിയിരിക്കുന്ന കൊച്ചി നഗരത്തിന് വലിയ ആശ്വാസം നൽകുന്നതായിരിക്കും അരൂർ-തുറവൂർ ഉയരപ്പാത എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.












Click it and Unblock the Notifications