'കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്'; തലശ്ശേരി സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തലശേരി: കൂട്ടിമാക്കൂല്‍ സ്വദേശികളായ ദളിത് സഹോദരിമാര്‍ക്കൊപ്പം കുട്ടി ജയിലിലായതിനെക്കുറിച്ച് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും ഒട്ടേറെ ആദിവാസി കുട്ടികള്‍ ജയിലിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യുവതികള്‍ ജയിലിലായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
കുട്ടിമാക്കൂലിലെ സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍. രാജന്റെ മക്കളായ അഖില (30), സഹോദരി അഞ്ജന (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്തപ്പോള്‍ അഞ്ജനയ്‌ക്കൊപ്പം ഒന്നരവയസായ കുട്ടിയെയും ജയിലിലേക്ക് കൂട്ടിയിരുന്നു. ഇത് പിന്നീട് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

സംഭവത്തേക്കുറിച്ച് മുഖ്യമന്ത്രി കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് കേസും എതിര്‍കേസും ഉള്ളപ്പോള്‍ എന്ത് പ്രതികരിക്കാനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കുട്ടി ഒറ്റയ്ക്കല്ല അമ്മയോടൊപ്പമാണ് ജയിലിലായതെന്നും അമ്മയാണ് കുട്ടിയെ ജയിലില്‍ കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയില്‍ ജാമ്യം ലഭിക്കുമായിരുന്നിട്ടും ദളിത് സഹോദരിമാര്‍ ജയിലില്‍ പോവുകയായിരുന്നു. ഇവര്‍ പിറ്റേദിവസം ജയില്‍ മോചിതരാവുകയും ചെയ്തു. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ ദേശീയ പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications