കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ മഴ പെയ്യിക്കാന്‍ ശിവകാശി തന്ത്രവുമായി ഐഎസ്ആര്‍ഒ; കൃത്രിമ മഴ മെയ് 10നകം

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് മഴപെയ്യിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വരള്‍ച്ചയില്‍ നിന്നു മുക്തി നേടാന്‍ കൃത്രിമ മഴ തേടി സംസ്ഥാന സര്‍ക്കാര്‍. മെയ് പത്തിനകം മഴ പെയ്യിക്കാനാണ് നീക്കം നടക്കുന്നത്. ഐഎസ്ആര്‍ഒയും പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്ററോളജിയും ചേര്‍ന്ന്് പരീക്ഷണം തുടങ്ങി.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് മഴപെയ്യിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കെഎസ്ഇബിയാണ് പദ്ധതിക്ക് ആവശ്യമായ പണം മുടക്കുന്നതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

മഴമേഘങ്ങളെ കണ്ടെത്തും

ഐഎസ്ആര്‍ഒയുടെ ഡോപ്ലര്‍ റഡാര്‍ ഉപയോഗിച്ച് മഴമേഘങ്ങളെ കണ്ടെത്തി ഫ്‌ളെയര്‍ എന്ന ചെറു റോക്കറ്റുകളില്‍ രാസവസ്തുക്കള്‍ വിതറിയാവും കൃത്രിമ മഴ പെയ്യിക്കുക. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് സമാനമായ രീതിയില്‍ മഴപെയ്യിക്കാന്‍ 2015ല്‍ കെഎസ്ഇബി ശ്രമിച്ചിരുന്നു. പക്ഷേ, പരീക്ഷണങ്ങള്‍ക്കിടെ അന്ന് മഴപെയ്തു.

രാസവസ്തുക്കള്‍ ഉപയോഗിച്ച് തണുപ്പിക്കും

അന്ന് ബാക്കിവന്ന പണമമാണ് ഇപ്പോള്‍ പുതിയ പദ്ധതിക്ക് വിനിയോഗിക്കുന്നത്. പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന മഴമേഘങ്ങളെ രാസവസ്തുക്കള്‍ ഉപയോഗിച്ച് തണുപ്പിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ചെലവ് കുറഞ്ഞ വഴി തേടുന്നു

12 കിലോമീറ്റര്‍ അകലെയുള്ള മഴ മേഘങ്ങളില്‍ വരെ വിമാനത്തില്‍ രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്നതിന് കോടികള്‍ ചെലവ് വരും. ഇത്രയും പണം മുടക്കാന്‍ കെഎസ്ഇബിക്ക് നിലവില്‍ സാധിക്കുകയുമില്ല. അതുകൊണ്ട് ചെലവ് കുറഞ്ഞ വഴിയാണ് തേടുന്നത്.

ശിവകാശിയിലെ പടക്കകമ്പനികള്‍

ശിവകാശിയിലെ പടക്കകമ്പനികള്‍ നിര്‍മിക്കുന്ന മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പറക്കാന്‍ സാധിക്കുന്ന ഫ്‌ളെയര്‍ എന്ന ചെറുറോക്കറ്റുകളാണ് ആദ്യം ഉപയോഗിക്കുക. ഫ്‌ളെയറിന്റെ ഒരറ്റത്ത് രാസവസ്തുക്കള്‍ ഘടിപ്പിച്ച് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ താഴ്ന്ന് പറക്കുന്ന മേഘങ്ങളില്‍ വിതറുകയാണ് ചെയ്യുക.

പത്ത് മിനുറ്റിനകം മഴ പെയ്യും

ഈ വിതറല്‍ കഴിഞ്ഞാല്‍ പത്ത് മിനുറ്റിനകം മഴ പെയ്യും. 20 തവണ ഫ്‌ളെയര്‍ ഉപയോഗിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒയുടെയും പൂനെയിലെയും ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആന്ധ്രയിലും കര്‍ണാടകത്തിലും കൃത്രിമ മഴ പെയ്യിച്ച ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഇടപെടല്‍

കൃത്രിമ മഴ പെയ്യിക്കാന്‍ വേണ്ട സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐഎസ്ആര്‍ഒയോട് ആവശ്യപ്പെട്ടിരുന്നു. വിദേശകമ്പനികളുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കുന്നത് ചെലവേറിയ ദൗത്യമാണ്. കാരണം അവര്‍ ഉപയോഗിക്കുന്നത് പോര്‍ട്ടബിള്‍ റഡാറുകള്‍ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണമാണ്.

ഐഎസ്ആര്‍ഒ നിരീക്ഷിക്കുന്നു

ഇടുക്കിയിലെ മഴ മേഘങ്ങളെ ഐഎസ്ആര്‍ഒ കഴിഞ്ഞ രണ്ടാഴ്ചയായി നിരീക്ഷിക്കുന്നുണ്ട്. റഡാര്‍ വിവരങ്ങള്‍ പൂനെയിലെ ഐഐടിഎമ്മിന്റെ കേന്ദ്രത്തിലേക്ക് അയക്കുന്നത് തുടരുകയാണ്. മഴ മേഘങ്ങള്‍ ആണോ എന്നും സാന്ദ്രത എത്രയാണെന്നും പൂനെയിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് കൈമാറും. അതിന് അനുസരിച്ചാവും രാസവസ്തുക്കള്‍ വിതറി മഴമേഘങ്ങളെ തണുപ്പിക്കുക.

English summary
Kerala government starts work for Artificial rain with the support of ISRO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X