പത്രികകള്‍ റെഡി, ജൂണ്‍ 27ന് അരുവിക്കരയില്‍ എന്ത് എങ്ങനെ?
കേരളത്തില്‍ വരാന്‍പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണ് അരുവിക്കരയെന്ന് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍. ജൂണ്‍ 27ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജഗോപാല്‍ മാത്രമല്ല, അവസാനദിവസമായ ബുധനാഴ്ച 13 സ്ഥാനാര്‍ഥികളാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
ആകെ 20 പേരാണ് പത്രിക മത്സരരംഗത്തുള്ളത്. ഇതില്‍ ഏഴുപേര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് വ്യാഴാഴ്ച നടക്കും. ജൂണ്‍ 13ന് വൈകിട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസ് എന്നിവരുടെ ഒപ്പമെത്തിയാണ് ഒ രാജഗോപാല്‍ വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

ഇടതുമുന്നണി സ്ഥാനാര്‍ഥി എം വിജയകുമാര്‍ തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. അവസാന നിമിഷമാണ് ശബരീനാഥും പത്രിക സമര്‍പ്പിച്ചത്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി കെ ദാസും പത്രിക സമര്‍പ്പിച്ചു. പി ഡി പി സ്ഥാനാര്‍ഥി പൂന്തുറ സിറാജാണ്. അഖിലഭാരത ഹിന്ദുമഹാസഭയുടെ ദത്താത്രേയ സായിസ്വരൂപ് നാഥും പത്രിക സമര്‍പ്പിച്ചവരില്‍ പെടുന്നു. എം. വിജയകുമാറിന് രണ്ട് അപരന്മാരുണ്ട്.
സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനാണ് അരുവിക്കരയില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അപരന്മാര്‍ പ്രശ്‌നമാകാനിടയില്ല. ഇടത് മുന്നണിയുടെ എം വിജയകുമാര്‍, യു ഡി എഫിന്റെ ശബരീനാഥന്‍ കെ എസ്, ബി ജെ പിയുടെ ഒ രാജഗോപാല്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് അരുവിക്കര ഒരുങ്ങുന്നത്.












Click it and Unblock the Notifications