ആകെ 14 സീറ്റ്; സ്ഥാനാർത്ഥി മോഹികള്‍ 83, ഒരു ലക്ഷം രൂപ അപേക്ഷ ഫോം വാങ്ങി അസം കോണ്‍ഗ്രസ്
ഗുവാഹത്തി: മൂന്ന് സിറ്റിംഗ് എംപിമാരുൾപ്പെടെ 83 കോൺഗ്രസ് അംഗങ്ങൾ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസമില്‍ നിന്നും പാർട്ടി ടിക്കറ്റ് തേടിയതായി അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി.
നാഗോൺ എംപി പ്രദ്യുത് ബൊർദോലോയ് അതേ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചപ്പോൾ, ബാർപേട്ട എംപി അബ്ദുൾ ഖാലിഖ് ഒരു സീറ്റും വ്യക്തമാക്കാതെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
മണ്ഡലപുനഃർനിർണ്ണയത്തിലൂടെ പഴയ മണ്ഡലം നഷ്ടപ്പെട്ട കാലിയാബോർ എംപി ഗൗരവ് ഗൊഗോയ് നാഗോൺ, കാസിരംഗ, ജോർഹട്ട് സീറ്റുകളിലേക്കാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് പുറത്തുവിട്ട പട്ടിക പ്രകാരം സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് റാക്കിബുൾ ഹുസൈനും നാഗോൺ മണ്ഡലത്തിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

മുൻ സംസ്ഥാന കാബിനറ്റ് മന്ത്രിയായ ഹുസൈൻ നാഗോണിന്റെ കീഴിലുള്ള സമഗുരിയിൽ നിന്നുള്ള എം എൽ എയാണ്. എംപിമാർ ആകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നത് സംസ്ഥാന കോൺഗ്രസ് ഘടകം ഡിസംബർ 11 മുതൽ ആരംഭിച്ചിരുന്നു. ഒരു അപേക്ഷയ്ക്ക് ഒരു ലക്ഷം രൂപയായിരുന്നു ഫീസ്. ഇതിലൂടെ 80 ലക്ഷത്തിലധികം രൂപ സമാഹരിക്കാനും പാർട്ടിക്ക് സാധിച്ചു. ഡിസംബർ 19ന് അവസാനിക്കേണ്ടിയിരുന്ന നടപടികൾ പിന്നീട് ഡിസംബർ 22 വരെ നീട്ടുകയായിരുന്നു.
അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പങ്കിട്ട സ്ഥാനാർത്ഥി പട്ടിക പ്രകാരം, 83 അംഗങ്ങൾ പാർട്ടി ടിക്കറ്റ് തേടി, അതിൽ 10 ലധികം പേർ സ്ത്രീകളാണ്. 13 അപേക്ഷകരുള്ള ധുബ്രിയാണ് ഏറ്റവും കൂടുതൽ പേർ മത്സരിക്കാന്‍ താല്‍പര്യപ്പെട്ട മണ്ഡലവം. ഏറ്റവും കുറവ് രണ്ട് അപേക്ഷകരുള്ള കൊക്രജാറാണ്. കരിംഗഞ്ചിലേക്ക് 11, ബാർപേട്ട, ദരംഗ് ഉദൽഗുരി, സോണിത്പൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും സിൽച്ചാറിന് ആറ്, ദിഫു, ലഖിംപൂർ, ജോർഹത്ത് എന്നിവിടങ്ങളിൽ അഞ്ച് അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്.
ഗുവാഹത്തിയിലും നാഗോണിലും നാല് പേർ വീതവും കാസിരംഗയിലും ദിബ്രുഗഡിലും മൂന്ന് പേർ വീതവുമാണ് സ്ഥാനാർത്ഥി മോഹികള്‍. ഗുവാഹത്തി സീറ്റിലേക്കുള്ള ഒരു ടിക്കറ്റ് അപേക്ഷകൻ ഫീസ് സമർപ്പിച്ചിട്ടില്ലെന്ന് പട്ടികയിൽ പറയുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 15 പാർട്ടികളുടെ പ്രതിപക്ഷ ഫോറത്തിന്റെ ഭാഗമായതിനാൽ ചില നിയോജക മണ്ഡലങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുന്നത് ഒഴിവാക്കാമെന്ന് ഈ മാസം ആദ്യം അപേക്ഷാ പ്രക്രിയ പ്രഖ്യാപിക്കുന്നതിനിടെ എപിസിസി പറഞ്ഞിരുന്നു.
അത്തരം നിയോജക മണ്ഡലങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഫീസ് തിരികെ നൽകുമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യ്‌ക്ക് അനുസൃതമായി 15-പാർട്ടി യുണൈറ്റഡ് പ്രതിപക്ഷ ഫോറം അസം (യുഒഎഫ്‌എ) രൂപീകരിച്ചിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ തവണ സംസ്ഥാനത്തെ 14 സീറ്റില്‍ മൂന്നെണ്ണത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് സാധിച്ചത്.












Click it and Unblock the Notifications