ചെന്നിത്തലയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ; സ്വന്തം സ്ഥാനാര്‍ഥിയുടെ പ്രചാരണച്ചുമതലയില്‍ സിപിഐ ഔട്ട്
ഹരിപ്പാട്: സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി സിപിഐ നേതാക്കള്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാല്‍ സിപിഐ ക്ഷമിച്ചെന്നിരിക്കും. പക്ഷേ, സിപിഎം ക്ഷമിച്ചോളണം എന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ അരങ്ങേറിയത്.
സിപിഐയിലെ രണ്ടു നേതാക്കളാണ് അവിടത്തെ സിപിഐ സ്ഥാനാര്‍ഥി പി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും രമേശ് ചെന്നിത്തലയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് സിപിഎം കണ്ടെത്തിയത്. അതിനവര്‍ കുറെ തെളിവുകളും നിരത്തി. ഒരുനേതാവിന്റെ ഭാര്യയ്ക്ക് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡില്‍ ജോലി വാങ്ങി നല്‍കിയത് രമേശാണത്രേ. രണ്ടാമത്തെ നേതാവിന്റെ ബന്ധുവിനും രമേശ് ഒട്ടേറെ സഹായങ്ങള്‍ ചെയ്തു കൊടുത്തെന്നും സിപിഎം പറയുന്നു.

രമേശുമായി അടുത്ത ബന്ധമുള്ളയാളുകളെ പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദ് തോറ്റുപോകും. ആ സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. ഒടുക്കം സിപിഎമ്മിന്റെ ആവശ്യം അംഗീകരിച്ചു. ആരോപണവിധേയരായ രണ്ടു നേതാക്കളെയും സിപിഐയ്ക്ക് പ്രചാരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു.
കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ജി കൃഷ്ണപ്രസാദ് രമേശ് ചെന്നിത്തലയെ ഏറെ വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ റൗണ്ടുകളിലെല്ലാം കൃഷ്പ്രസാദിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, അവസാന റൗണ്ടില്‍ ലഭിച്ച വോട്ടുകളാണ് തോല്‍വിയുടെ വക്കില്‍ നിന്ന് അന്ന് രമേശ് ചെന്നിത്തലയെ രക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇക്കുറി പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പി പ്രസാദിനെ രംഗത്തിറക്കി ശക്തമായ മത്സരത്തിനാണ് എല്‍ഡിഎഫ് തയ്യാറെടുത്തിരുന്നത്. അപ്പോഴാണ് സിപിഐ നേതാക്കള്‍ക്കെതിരെ തന്നെ ഇത്തരമൊരു ആരോപണമുയര്‍ന്നത്. ഇത് എല്‍ഡിഎഫ് പ്രചാരണം മന്ദഗതിയിലാക്കിയിരുന്നു. എന്നാല്‍ ആരോപണവിധേയരെ മാറ്റിയതോടെ പ്രചാരണത്തിന് വീണ്ടും ചൂടുപിടിച്ചു.












Click it and Unblock the Notifications