മൂടല്‍ മഞ്ഞ് പോലെ ഇടുക്കിയുടെ മനസ്സ്... ചരിത്രം കുറിയ്ക്കുമോ?
പോളിങ് ബൂത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മൂടല്‍ മഞ്ഞുപോലെയാണ് ഇടുക്കിയുടെ മനസ്. ഇടുക്കി ആരെ കടാക്ഷിക്കും? നാലാം ഊഴം തേടുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനെയോ അതോ മാണിയുമായി പിരിഞ്ഞ് ജനാധിപത്യ കേരള കോണ്‍ഗ്രസുമായി എല്‍ഡിഎഫിനൊപ്പം ജനവിധി തേടാന്‍ എത്തിയിരിക്കുന്ന കെ ഫ്രാന്‍സിസ് ജോര്‍ജിനെയോ?
ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകള്‍ എട്ടുതവണയും ഇടുക്കി വരിച്ചത് വലതുപക്ഷത്തെ. 1996ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി പി.പി സുലൈമാന്‍ റാവുത്തര്‍ എത്തിയപ്പോള്‍ മാത്രമാണ് ഇടുക്കി ഒന്നു ഇടത്തോട്ട് തിരിഞ്ഞത്. 2001 മുതല്‍ റോഷി അഗസ്റ്റിന്‍ എത്തി ഇത് പഴയപടിയാക്കി. പക്ഷെ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനെ പോലും ഇടുക്കി ഞെട്ടിച്ചു. കത്തോലിക്കാ സഭയും ഇടുക്കി രൂപതയും സൃഷ്ടിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന് ഇടുക്കി നിയമസഭാ മണ്ഡലം നല്‍കിയത് 24227 വോട്ടിന്റെ ഭൂരിപക്ഷം.

കസ്തൂരിരംഗന്‍ കാറ്റാണ് അന്നു യു.ഡി.എഫിനെ കടപുഴക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കാറ്റിന് കരുത്ത് കുറഞ്ഞെങ്കിലും മുരിക്കാശേരി, പൈനാവ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എല്‍ഡിഎഫ് പിന്തുണയോടെ സമിതി നേടി. രണ്ടു ഗ്രാമപഞ്ചായത്തുകള്‍ സഖ്യം പിടിച്ചെടുക്കുകയും ചെയ്തു.
ഇടുക്കിയുടെ ഈ മനം മാറ്റത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതീക്ഷ. അദ്ദേഹത്തിന് ഇതൊരു അതിജീവന പോരാട്ടം കൂടിയാണ്.
സ്വന്തമായി രൂപീകരിച്ച പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ഇടുക്കിയിലെ വോട്ടിംഗ് യന്ത്രത്തിലാണ്. പക്ഷെ പാര്‍ലമെന്റ്- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെപ്പോലെ ഇടതുമായി തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നില്ല ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി രൂപതയും. യുഡിഎഫിന് എതിരാണെന്നേ അവര്‍ പറയുന്നുളളൂ. ഇടതിന് ഒപ്പമാണെന്ന് പറയുന്നില്ല. അപ്പുറത്ത് റോഷി അഗസ്റ്റിനായതു കൊണ്ടാണ് ഈ മൃദുസമീപനം എന്നാണ് കേള്‍വി. രണ്ടും കേരള കോണ്‍ഗ്രസുകാര്‍. സഭയുടെ മാനസപുത്രന്‍മാര്‍. അതു കൊണ്ട് തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നില്‍പ്പ്.

ഈ നില്‍പ്പിലാണ് റോഷി അഗസ്റ്റിന്റെ പ്രതീക്ഷയും. ഇടുക്കി മെഡിക്കല്‍ കോളേജും കരിമ്പന്‍ പാലവും അടക്കമുളള 15 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയും റോഷിക്ക് കൂട്ടിനുണ്ട്. കസ്തൂരിരംഗന്‍- പട്ടയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനോടുളള എതിര്‍പ്പ് കുഞ്ഞാടുകള്‍ക്ക് കേരളാ കോണ്‍ഗ്രസിനോടില്ല താനും. പക്ഷെ ജോസഫ് ഗ്രൂപ്പിലെ പഴയ അനുയായികളുടെ വോട്ടുകള്‍ ഫ്രാന്‍സിസ് ജോര്‍ജ് പ്രതീക്ഷിക്കുന്നുമുണ്ട്.
ഈ കേരള കോണ്‍ഗ്രസ് കുതിരകളുടെ പോരിനിടെ ഒരാള്‍ കൂടിയുണ്ട്. എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു മാധവന്‍. ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പമാണ് ബിജുവിന്റെ പ്രചാരണം. ബിജു പിടിക്കുന്ന വോട്ടുകള്‍ ആരുടെ പെട്ടിയില്‍ നിന്ന് എന്നതാണ് ചോദ്യം. എല്‍ഡിഎഫ് വോട്ടുകളാകും ബിജുവിന്റെ കുടത്തില്‍ കൂടുതല്‍ എത്തുക എന്നതാണ് ലക്ഷണം.












Click it and Unblock the Notifications