വോട്ട് ആകാശത്തല്ല, നാട്ടിലാണെന്ന് !!! ആര്, ആരെ ഓര്‍മിപ്പിക്കുന്നതാണെന്നറിയണ്ടേ ?
കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ നടന്നു വരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍, പ്രചാരണ വിഷയങ്ങളും മാറ്റി മറിക്കപ്പെടും. ചിലപ്പോള്‍ തുടങ്ങിയ ഇടത്തു നിന്ന് തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഒരു പാട് മാറിയിട്ടുണ്ടാകും. ഇതു തന്നെയാണ് ഇപ്പോള്‍ കേരളത്തിലും കാണുന്നത്.
അഴിമതിയിലൂന്നി നിന്ന് എല്‍ഡിഎഫ്, യുഡിഎഫിനെ ആക്രമിച്ച് മുന്നേറുന്നതിനിടയിലാണ് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ചൂണ്ടിക്കാട്ടി എല്‍ഡിഎഫിനെതിരെ യുഡിഎഫ് പ്രാചാരണം അഴിച്ചുവിട്ടത്. പിന്നീട് പ്രാദേശിക നേതൃത്വത്തിന്റെ കൈകളില്‍ നിന്ന് സംസ്ഥാന നേതാക്കളിലേക്കും ഒടുവില്‍ ദേശീയ നേതാക്കളിലേക്കും പ്രചാരണം എത്തി നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍.

ഏറ്റവും ഹൈടെക് രീതി പരീക്ഷിക്കുന്നത് കേന്ദ്രഭരണം കൈയ്യാളുന്ന ബിജെപി തന്നെയാണ്. കോണ്‍ഗ്രസും ഒപ്പമെത്താന്‍ മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പത്ത് മന്ത്രിമാരെ അണിനിരത്തിയാണ് ബിജെപി എന്‍ഡിഎയടെ പ്രചാരണം കൊഴുപ്പിക്കുന്നത്. കോണ്‍ഗ്രസാകട്ടെ സോണിയ, രാഹുല്‍ ഗാന്ധിമാരെയും എകെ.ആന്റണി മുതലായവരെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്.
എല്‍ഡിഎഫ് ആകട്ടെ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവരെക്കൊണ്ട് പ്രചാരണം സജീവമാക്കുന്നു. ദേശീയ നേതാക്കള്‍ എത്തി തുടങ്ങിയതോടെ ആകാശത്ത് ഇടതടവില്ലാതെ ഹെലികോപ്റ്ററിന്റെ മുരളല്‍ കേട്ടുതുടങ്ങി.
ഇതു കേട്ടിട്ടാണ് ചില കോര്‍പ്പറേറ്റ് പാര്‍ട്ടിക്കാരുടെ നേതാക്കള്‍ വോട്ടു തേടി കേരളത്തിന്റെ ആകാശത്ത് ചെറുവിമാനങ്ങളില്‍ വട്ടമിട്ടു പറക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകാശത്ത് വോട്ടില്ല, നാട്ടിലാണ് വോട്ടെന്ന് ഇക്കൂട്ടര്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞുറപ്പിച്ചു.
കോര്‍പ്പറേറ്റ് പാര്‍ട്ടിക്കാര്‍ വിമാനത്തില്‍ പറക്കുമ്പോള്‍, സമര പരമ്പരയിലൂടെ വളര്‍ന്നു വന്ന സാധാരണക്കാരന്റയും കര്‍ഷകരുടെയും പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാക്കള്‍ റോഡുമാര്‍ഗം സഞ്ചരിക്കുന്നുവെന്നും രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അണികളെ ഓര്‍മിപ്പിച്ച് കോടിയേരിയുടെ കാര്‍, അടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗം ലക്ഷ്യമിട്ട് ഓട്ടം തുടരുന്നു.












Click it and Unblock the Notifications