തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ ആദിവാസി കോളനിയില്‍
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കോളനിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കാനാണ് ഇവര്‍ ആദിവാസികളോട് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു മാവോയിസ്റ്റുകള്‍ കോളനിയിലെത്തിയത്. സംഘം രണ്ടര മണിക്കൂറോളം കോളനിയില്‍ ചെലവഴിച്ചു. ആദിവാസികള്‍ക്കായി ഇവര്‍ ക്ലാസ്സെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ നിര്‍മാണം തുടങ്ങിയ കോളനിയിലെ വീടുകള്‍ ആറുവര്‍ഷം മുമ്പ് തുടങ്ങേണ്ടതായിരുന്നുവെന്നും സര്‍ക്കാറിന്റേയും ഭരണ കൂടത്തിന്റേയും അനാസ്ഥ കാരണമാണ് നിര്‍മാണം വൈകിയതെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞത്രെ. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതംഗ സായുധ സംഘമാണ് കോളനിയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് കോളനിയില്‍ മരണപ്പെട്ട വിജിഷ എന്ന പെണ്‍കുട്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ കൂടിയാണു സംഘം എത്തിയതെന്നും കോളനിക്കാര്‍ പറഞ്ഞു. മേഖലയിലെ ആദിവാസി കോളനികളില്‍ മുന്പും മാവോയിസ്റ്റ് സംഘങ്ങള്‍ എത്തിയതായി റിപ്ിപോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications