നിയമസഭയില്‍ ബിജെപി കാലുകുത്തുന്നത് ആപത്ത്: എകെ ആന്റണി
ചെങ്ങന്നൂര്‍: നിയമസഭയില്‍ ബിജെപി എംഎല്‍എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെണ്മണിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രതിനിധി നിയമസഭയില്‍ കാലു കുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്റെ തുടക്കമായിരിക്കും. സംസ്ഥാനത്തിന്റെ അജണ്ട തന്നെ അവര്‍ മാറ്റും. ബിജെപിയെ മൂന്നാം ശക്തിയാക്കിയാല്‍ കേരളത്തെ ഗുജറാത്താക്കാമെന്നാണ് മോദി പറയുന്നത്- ആന്റണി പറഞ്ഞു.

മൂന്നാം ശക്തിയായി ബിജെപിവന്നാല്‍ കേരളത്തില്‍ നില നില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകരും. അവര്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയും ചെയ്യും. കേന്ദ്ര ഭരണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഒരു ശ്രമവുമില്ല. പ്രതിപക്ഷത്തെയും കോണ്‍ഗ്രസ്സിനെയും തകര്‍ക്കാനും സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ അട്ടി മറിക്കാന്‍ മോദി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദി കേരളത്തോട് കാട്ടുന്ന സ്‌നേഹം ആതമാര്‍ഥമാണെങ്കില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ കേരളത്തിന് കിട്ടേണ്ടതായിരുന്നു. കര്‍ഷകര്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസത്തിനും തുക ചോദിച്ചിട്ട് ചില്ലി കാശുപോലും തന്നിട്ടില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം വന്നു കണ്ടു പോയെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ സഹായിക്കുകയയോ ചെയ്തില്ല- ആന്റണി കുറ്റപ്പെടുത്തി.
മാര്‍ക്‌സിസ്റ്റുകാര്‍ ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊന്നും ഭരിച്ചിട്ടില്ല.കൊയ്ത്തു യന്ത്രവും കമ്പ്യൂട്ടറും വന്നപ്പോള്‍ തല്ലി പൊളിച്ചവരാണ്. ഇന്ന് അവരാണ് കമ്പ്യൂട്ടര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ബുദ്ധി ഉദിക്കുന്നത് 25 വര്‍ഷം കഴിഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications