Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കോട്ടകളില്‍ അട്ടിമറി സൂചനകള്‍.... യുഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകളില്‍ ഇഞ്ചോടിഞ്ച്

മലപ്പുറം: പച്ചക്കോട്ടയായ മലപ്പുറം ജില്ലയില്‍ ഇത്തവണത്തെ പേരാട്ടം തീപാറും . ലീഗിന്റെ ബലത്തില്‍ യുഡിഎഫിന്റെ ശക്തമായ കോട്ടയായ മലപ്പുറത്തെ പല മണ്ഡലങ്ങളിലും ഇത്തവണ കേള്‍ക്കുന്നത് അട്ടിമറികളുടെ സൂചനകളാണ്. അങ്കക്കളത്തില്‍ മല്‍സരച്ചൂട് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ പോരിന് മൂര്‍ച്ച കൂടുകയാണ്. ഈസി വാക്കോവര്‍ എന്നു വിളിപ്പേരുള്ള പല മണ്ഡലങ്ങളിലും ഇന്ന് ഉശിരുള്ള പോരിനാണു കളമൊരുങ്ങിക്കഴിഞ്ഞു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ നിലമ്പൂര്‍, താനൂര്‍, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍ മണ്ഡലങ്ങളിലാണു അട്ടിമറി സാധ്യതയുള്ളതായി കണക്കാക്കുന്നത്.

ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന ഇവിടെ ഫലം പ്രവചനാതീതമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദിലൂടെ കുത്തക അരക്കിട്ടുറപ്പിച്ച നിലമ്പൂരില്‍ ഇക്കുറി ആര്യാടന്‍ ബാറ്റണ്‍ മകന്‍ ഷൗക്കത്തിന് കൈമാറിയിരിക്കുകയാണ്. ഷൗക്കത്തിനെതിരെ ഇടതിനുവേണ്ടി മുന്‍കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍ സ്വതന്ത്രനായി കളത്തിലുണ്ട്. മണ്ഡലത്തെ ആര്യാടന്‍മാര്‍ കുടുംബസ്വത്താക്കി മാറ്റി എന്ന വികാരം ആളിക്കത്തിച്ചുള്ള പ്രചരണമാണ് ഇടതുമുന്നണി നടത്തുന്നത്. കഴിഞ്ഞ തവണ ആര്യാടന്‍ മുഹമ്മദിന് 5598 വോട്ട് ലീഡുള്ള ഇവിടെ അടിത്തട്ടിലൂടെ ഇളക്കിമറിച്ചുള്ള പ്രചരണമാണ് ഇടത് നടത്തുന്നത്.

Malappuram Map

താനൂരില്‍ ഇടതിനുവേണ്ടി മറ്റൊരു സ്വതന്ത്രനാണ് അങ്കത്തട്ടില്‍. മുസ്ലീം ലീഗിന്റെ സീറ്റില്‍ കടുത്ത വെല്ലുവിളിയാണ് സ്വതന്ത്രനായി മല്‍സരിക്കുന്ന വി അബ്ദുറഹിമാന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തതു മുതല്‍ നിരവധി തവണ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഈ തീരദേശം സാക്ഷിയായിട്ടുണ്ട്. അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് മുസ്ലീം ലീഗിന് വേണ്ടി ഇവിടെ മല്‍സരിക്കുന്നത്. കഴിഞ്ഞ ലോകസഭയില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ ലീഡ് നന്നേകുറഞ്ഞതാണ് ഇടത് ക്യാംപിന്റെ ആശ്വാസം. വി അബ്ദുറഹിമാന്‍ തന്നെയാണ് അന്നും ഇടതിനുവേണ്ടി മല്‍സരിച്ചിരുന്നത്.

മന്ത്രി മഞ്ഞളാം കുഴി അലി മല്‍സരിക്കുന്ന പെരിന്തല്‍മണ്ണയാണ് കനത്ത പോര് നടക്കുന്ന മറ്റൊരു മണ്ഡലം. പ്രചാരണത്തില്‍ അലി മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ ഇടതിനുവേണ്ടി വി ശശികുമാറും തൊട്ടുപിന്നാലെയുണ്ട്.

കഴിഞ്ഞ തദ്ദേശ പോരില്‍ ഇടതിനോടൊപ്പം നിന്ന മണ്ഡലമാണ് മങ്കട. കഴിഞ്ഞ തവണ 23593 വോട്ട് ലീഗിലെ ടി എ അഹമ്മദ്കബീര്‍ മണ്ഡലത്തില്‍ നിന്നു നേടിയെങ്കിലും ഇപ്രാവശ്യം ആ പ്രതീക്ഷ ലീഗിന് തന്നെയില്ല. അഹമ്മദ് കബീര്‍ തന്നെയാണ് ഇപ്രാവശ്യവും ലീഗ് ടിക്കറ്റില്‍ മല്‍സരിക്കുന്നത്. ഈ മണ്ഡലം ഉള്‍കൊള്ളുന്ന നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം സിപിഎമ്മിലെ ടികെ റഷീദലിയാണ് ഇടത് സ്ഥാനാര്‍ഥി.

തിരൂരില്‍ മുസ്ലീം ലീഗിന്റെ സിറ്റിംഗ് എംഎല്‍എയായ സി മമ്മൂട്ടിക്കെതിരെ ഗഫൂര്‍ പി ലില്ലീസാണു എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി. മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ ലില്ലീസ് കുടിവെള്ള പ്രശ്‌നങ്ങള്‍ മുതലെടുത്താണു പ്രചരണം നടത്തുന്നത്. അതോടൊപ്പം മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നിന്നും ലീഗിവീട്ട് എല്‍ഡിഎഫുമായി സഹകരിക്കാന്‍ നിരവധി പേര്‍ എത്തുന്നതും ഗഫൂറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനുപുറമെ മണ്ഡലത്തില്‍ സ്വാധീനമുള്ള കാന്തപുരം എപി വിഭാഗത്തിന്റെ പിന്തുണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ധാരണയായതും തിരൂരിലെ മത്സരം കടുത്തതാക്കുന്നു.

തിരൂരങ്ങാടി, ഏറനാട് എന്നീ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളില്‍ അടിയൊഴുക്കുകളെ ആശ്രയിച്ചായിരിക്കും ഫലം. ഈ രണ്ടു മണ്ഡലങ്ങളിലും കനത്ത പോരിനാണു കളമൊരുങ്ങിയിരിക്കുന്നത്. മന്ത്രി അബ്ദുറബ്ബ് ജനവിധി തേടുന്ന ലീഗിന്റെ ഉറച്ച ബെല്‍റ്റായ തീരൂരങ്ങാടിയിലും കനത്ത പോരിനാണ് സാക്ഷ്യം വഹിക്കുന്നത്. മഞ്ചേരി, വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂൂര്‍, വള്ളിക്കുന്ന, കോട്ടയ്ക്കല്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ യുഡിഎഫ് ഏറെ മുന്നിട്ടു നില്‍ക്കുകയാണ്.

കാന്തപ്പുരം എപി വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. പലകാരണങ്ങളാല്‍ ഇടതുപക്ഷത്തിനാണ് തങ്ങളുടെ വോട്ടുകളെന്ന് രഹസ്യമായി പറഞ്ഞ് പരസ്യമായി പറയാതെ പ്രഖ്യാപിച്ചിരിക്കുകയാണ്.

16 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോരിനാണ് മലപ്പുറം ജില്ല തയ്യാറാകുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ജില്ലയും മലപ്പുറം തന്നെയാണ്. നിലവില്‍ 16ല്‍ രണ്ടു മണ്ഡലം മാത്രമാണ് ഇടതിനൊപ്പം നില്‍ക്കുന്നത്. ബാക്കി 14ഉം വലതു ഭാഗത്താണ്. 12എണ്ണം ലീഗും രണ്ട് എണ്ണം കോണ്‍ഗ്രസും കൈവശം വക്കുന്നു. നേരത്തെ ഇടതിനൊപ്പം നിന്ന തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ച കൂടുമ്പോഴൂം ഇടതിനെ ചതിക്കില്ലെന്ന സൂചനകളാണുളളത്. ജില്ലയില്‍ ഇടതുപക്ഷം ഉറച്ച പ്രതീക്ഷ വയ്ക്കുന്ന രണ്ടു മണ്ഡലങ്ങളും ഇതു തന്നെയാണ്.

തവനൂരില്‍ നിലവിലെ എംഎല്‍എ കെടി ജലീല്‍ തന്നെ ഇടതിനുവേണ്ടി പോരിനിറങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐ മുന്‍ ദേശീയ നേതാവ് പി ശ്രീരാമകൃഷണന്‍ തന്നെയാണ് ഇക്കുറിയും പൊന്നാനിയില്‍ ഇടതിനുവേണ്ടി മല്‍സരിക്കുന്നത്. ഈ രണ്ടു സീറ്റിലും യുഡിഎഫിനുവേണ്ടി മല്‍സരിക്കുന്നത് കോണ്‍ഗ്രസാണ്. കെപിസിസി അംഗം അജയ്‌മോഹന്‍ പൊന്നിനിയിലും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്തിക്കാറുദ്ധീന്‍ തവനൂരിലും മല്‍സരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഇടതിനോട് ആഭിമുഖ്യം പുലര്‍ത്തിയ മണ്ഡലങ്ങളാണ് രണ്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+