86.95 ലക്ഷം വില വരുന്ന ഭൂസ്വത്ത്, കയ്യിൽ 10,000 രൂപ, പിണറായിയുടേയും ഭാര്യയുടേയും സ്വത്ത് വിവരങ്ങൾ ഇങ്ങനെ
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും രണ്ടാം വട്ടം ജനവിധി തേടുകയാണ് ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് കോട്ടയായ ധര്‍മ്മടത്ത് പിണറായിയുടെ വിജയത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഭൂരിപക്ഷം എത്ര കണ്ട് ഉയരും എന്നത് മാത്രമാണ് സിപിഎം നോക്കുന്നത്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയന് കൊട്ടാരം പോലുളള വീടുളളതായും വിദേശത്ത് കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്ഥാപനം ഉളളതായും നേരത്തെ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് യഥാര്‍ത്ഥത്തില്‍ ഉളള ആസ്തി എത്രയാണ്? വിശദമായി അറിയാം.

പിണറായിയുടെ സ്വത്ത് വിവരങ്ങൾ
ധര്‍മടം നിയമസഭാ മണ്ഡലത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിണറായി വിജയന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ ഭാര്യ കമല വിജയന്റെയും പേരിലുളള സ്വത്തുക്കളുടെ വിവരങ്ങള്‍ ആണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്.

കൈ വശം പണമായി ഉളളത് 10,000 രൂപ
പിണറായി വിജയന്റെ കൈ വശം പണമായി ഉളളത് 10,000 രൂപയാണ്. അതേസമയം ഭാര്യ കമലയുടെ കൈവശം പണമായുളളത് 2000 രൂപ മാത്രമാണ്. പിണറായി വിജയന് സ്വന്തമായി സ്വര്‍ണാഭരണങ്ങള്‍ ഒന്നുമില്ല. അതേസമയം ഭാര്യയ്ക്ക് 3,30,000 രൂപയുടെ സ്വര്‍ണം സ്വന്തമായുണ്ട്. പിണറായിക്കും റിട്ടയേഡ് അധ്യാപിക കൂടിയായ ഭാര്യ കമലയ്ക്കും സ്വന്തമായി വാഹനങ്ങള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭൂസ്വത്ത് 86.95 ലക്ഷം രൂപ വില വരുന്നത്
ഇരുവര്‍ക്കും ബാങ്ക് വായപകളോ മറ്റേതെങ്കിലും തരത്തിലുളള സാമ്പത്തിക ബാധ്യതകളോ ഇല്ല. പിണറായി വിജയനും കമല വിജയനുമായി ആകെയുളള ഭൂസ്വത്ത് 86.95 ലക്ഷം രൂപ വില വരുന്നതാണ്. കണ്ണൂര്‍ പിണറായിയില്‍ ഉളള വീടും സ്ഥലവും ഉള്‍പ്പെടെ ആണിത്. പിണറായിയില്‍ ഉളളത് 8.70 ലക്ഷം രൂപ വില വരുന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലം ആണ്. പാതിരിയാട് 7.90 ലക്ഷം രൂപ വില വരുന്ന 20 സെന്റ് സ്ഥലം കൂടി സ്വന്തമായുണ്ട്.

51. 95 ലക്ഷം രൂപയുടെ സ്വത്ത്
പിണറായി വിജയന്റെ പേരില്‍ 51. 95 ലക്ഷം രൂപയുടെ സ്വത്താണ് ഉളളത്. കമല വിജയന്റെ പേരില്‍ 35 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയാണ് സ്വന്തമായുളളത്. കമല വിജയന് 2976717 രൂപയുമുളളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. തലശേരി എസ്ബിഐ ബാങ്കില്‍ പിണറായിക്ക് 78,048.51 രൂപ ഉണ്ട്.

ഷെയറുകൾ ഇങ്ങനെ
തലശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും പിണറായി വിജയന്റെ പേരിലുണ്ട്. കൈരളി ചാനലിന്റെ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിലും മുഖ്യമന്ത്രിക്ക് ഷെയറുണ്ട്. കമല വിജയന് 20,000 രൂപയുടെ ഓഹരിയാണ് ഇവിടെ ഉളളത്. 10,000 രൂപയുടെ ആയിരം ഷെയറാണ് മുഖ്യമന്ത്രിക്ക് കൈരളി ചാനലിലുളളത്. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍( കിയാല്‍) ഒരു ലക്ഷം രൂപയുടെ ഓഹരി പിണറായിക്കും കമല വിജയന് രണ്ട് ലക്ഷം രൂപയുടെ ഓഹരിയുമുണ്ട്.

മുഖ്യമന്ത്രിയുടെ ശമ്പളം മാത്രം
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും പിണറായി വിജയനുണ്ട്. ഇത് കൂടാതെ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ 100 രൂപ വില വരുന്ന ഒരു ഷെയറും പിണറായിക്കുണ്ട്. മുഖ്യമന്ത്രി എന്ന നിലയ്ക്കുളള ശമ്പളവും മറ്റുമാണ് തന്റെ വരുമാനം എന്നും പിണറായി വിജയന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമുളള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മൂന്ന് കേസുകൾ
മൂന്ന് കേസുകളുടെ കാര്യവും പിണറായി വിജയന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിലൊന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉളള ലാവ്‌ലിന്‍ കേസ് ആണ്. മറ്റൊന്ന് ടി നന്ദകുമാറിന് എതിരെ പിണറായി വിജയന്‍ നല്‍കിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസാണ് മറ്റൊന്ന്. മൂന്നാമത്തേത് റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട ഒരു കേസാണ്.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications