ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സലീം കുമാര്‍...? നുണപരിശോധന നടത്തിയാല്‍ അവിടെ തീരുമെന്ന്
കൊച്ചി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്തുണയുമായി സലീം കുമാര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം കുമാറിന്റെ പ്രതികരണം.
ദിലീപിന്റെ സ്വാകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുമ്പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്നാണ് സലീം കുമാര്‍ പറയുന്നത്. പള്‍സര്‍ സുനിയേയും നടിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നും സലീം കുമാര്‍ ആവശ്യപ്പെടുന്നുണ്ട്.
അങ്ങനെ ഒരു നുണപരിശോധന നടത്തിയാല്‍ അവിടെ തീരും കാര്യങ്ങള്‍ എന്നാണ് സലീം കുമാര്‍ പറയുന്നത്. സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ദിലീപിന്‍റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍
നടൻ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാൽ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013 -ൽ കണ്ടതാണ്.ദിലീപ് -മഞ്ജു വാരിയർ ഡിവോഴ്സ്- സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

ദിലീപിന്‍റെ നിരപരാധിത്വം
പിന്നീട് പലരാൽ പല വിധത്തിൽ ആ കഥയ്ക്ക് മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്.

അഞ്ച് മാസങ്ങള്‍ക്ക് ശേഷം
സംഭവം നടന്നു അഞ്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവിൽ എത്തി ചേർന്നിരിക്കുന്നത്. പൾസർ സുനി ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ- സലീം കുമാറിന് ചില സംശയങ്ങളുണ്ട്.

സലീമിന്‍റെ സംശയം
ഈ സന്ദർഭത്തിൽ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവർക്ക് ചില സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടുകൂടി പൾസർ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏൽപ്പിക്കേണ്ടത് പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ , അല്ലാതെ ചില ചാനലുകൾക്ക് സംപ്രേഷണം ചെയ്യാൻ കൊടുക്കുകയാണോ വേണ്ടത് ?

അന്തംവിട്ട പ്രതി... അതും വിശ്വസിക്കുന്നില്ല
ഇതിനിടയിൽ ദിലീപിനെ ഈ കേസിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ടു മൂന്ന് നടി നടന്മാരുടെ പേരുകളും കേൾക്കുന്നുണ്ട്. ഇതും ഞാൻ വിശ്വസിക്കുന്നില്ല കാരണം " പൾസർ സുനി അന്തം വിട്ട പ്രതിയാണ്. അയാൾ എന്തും പറയും ".

ദിലീപ് ഒന്നും ഒളിച്ചുവച്ചിട്ടില്ല
ഈ സംഭവത്തിൽ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല , നാദിർഷാക്കും അപ്പുണ്ണിക്കും ( ദിലീപിന്റെ പി എ ) വന്ന വിഷ്ണു എന്നയാളുടെ ഫോൺ റെക്കോർഡും വാട്സാപ്പിൽ വന്ന കത്തും ഡി.ജി.പി ക്ക് കൈമാറി കഴിഞ്ഞു. ദിലീപിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് സലീം കുമാര്‍ തുടരുന്നത്.

അത്ര വിവരമില്ലാത്തവനല്ല ദിലീപ്
ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല.

അണിയറയില്‍ ആരോ
ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ട് .അത് ഇവിടെയിരുന്നുകൊണ്ട് തനിക്ക് കാണാമെന്നും പറയുന്നുണ്ട് സലീം കുമാര്‍.

തെറിവിളി ഉറപ്പ്
ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ഞാൻ എഴുതുന്ന ഈ പോസ്റ്റിനു താഴെ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങൾക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.

നുണപരിശോധന വേണം
ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്.അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം .

സംഘടനകള്‍ക്കെതിരെ... സ്ത്രീ സംഘടനയും
സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട് അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല.എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമ രംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടണം
ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങൾ സ്വന്തമായി വാർത്തകൾ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക , ഭയപ്പെടുക , പ്രതികരിക്കുക.

കവിതയോടുകൂടി അവസാനം
" അവർ ക്രിസ്ത്യാനികളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ ക്രിസ്ത്യാനി അല്ല.
അവർ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ പ്രൊട്ടസ്റ്റന്റ് അല്ല.
അവർ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല, ഞാൻ കമ്മ്യൂണിസ്റ്റ് അല്ല.
അവസാനം അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി ഭയപ്പെടാൻ ആരുമുണ്ടായില്ല .
എട്ട് വരികൾ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റർ നിമോളറുടെ വരികളാണ് ഇത്. ഇത്രയും പറഞ്ഞുകൊണ്ടാണ് സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications