കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ അക്രമം; തീവെപ്പും കല്ലേറും
ദില്ലി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം. അതിക്രമിച്ച് കയറിയ അക്രമികള്‍ വീടീന് നേരെ കല്ലേറ് നടത്തുകയും വാതില്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വസതിക്ക് നേരെയാണ് അക്രണം നടന്നത്. അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തിലെ പരാമര്‍ശം അടുത്തിടെ വിവാദമായിരുന്നു. ഹിന്ദുത്വവും ഐഎസ്ഐഎസും സമാനമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാടിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പടെ രംഗത്ത് എത്തുകയും പുസ്തകം നിരോധിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായ രാജാ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ ഖുര്‍ഷിദ് തന്നെയാണ് പുറത്ത് വിട്ടത്. ഫേസ്ബുക്കിൽ ഖുർഷിദ് പങ്കുവെച്ച ദൃശ്യങ്ങളില്‍ വീട്ടില്‍ തീജ്വാലകള്‍ ഉയരുന്നതും കത്തിയ വാതിലുകളും തകർന്ന ജനൽ പാളികളും കാണാന്‍ കഴിയും. രണ്ട് പേർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതെന്നും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാണ്.

ഖുർഷിദിന്റെ പരാമർശം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മുസ്ലീം വോട്ടുകൾ ഉറപ്പിക്കാന്‍ കോൺഗ്രസ് വർഗീയ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നും ബിജെപി ആരോപിച്ചിച്ചിരുന്നു. തൊട്ടുപിന്നാലെ, സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തുകയും ചെയ്തു. 'ഹിന്ദൂയിസം എന്നാൽ സിഖുകാരെയോ മുസ്‌ലിംകളെയോ അക്രമിക്കലാണോ? ഏത് പുസ്തകത്തിലാണ് അങ്ങനെ പറയുന്നത്? ഞാനിതുവരെ കണ്ടിട്ടില്ല. ഞാൻ ഉപനിഷത്തുകൾ വായിച്ചിട്ടുണ്ട്, പക്ഷെ ഇതുവരെ അത് കണ്ടിട്ടില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
Recommended Video
അതേസമയം, ഖുര്‍ഷിദിന്റെ നിലപാടില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടത്. "ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ ഹിന്ദുത്വത്തോട് ഞങ്ങൾ യോജിക്കുന്നില്ലായിരിക്കാം, എന്നാൽ അതിനെ ഐഎസുമായും ജിഹാദിസ്റ്റ് ഇസ്ലാമുമായും താരതമ്യം ചെയ്യുന്നത് വസ്തുതാപരമായി തെറ്റും അതിശയോക്തി നിറഞ്ഞതുമാണ്" എന്നായിരുന്നു ആസാദ് അഭിപ്രായപ്പെട്ടത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ബി ജെ പി തീരുമാനം. ഇതിനിടെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ അക്രമം നടക്കുന്നത്.












Click it and Unblock the Notifications