മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി; മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കണം
കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. പോലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നിര്‍ദേശം. പോലീസുകാര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നിബന്ധനകളോടെ സംസ്‌കരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് തന്നെയാണ്. പിടിച്ചെടുത്ത ആയുദങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ കാരണവും സാഹചര്യവും അന്വേഷിക്കാനാണ് നിര്‍ദേശം. വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് വധിക്കുകയായിരുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് സെഷന്‍സ് കോടതി സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. സംസ്‌കരിച്ചുകഴിഞ്ഞാല്‍ വീണ്ടുമൊരു പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള പ്രതിസന്ധി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. മരണത്തെ കുറിച്ചുള്ള പുകമറ നീങ്ങേണ്ടതുണ്ടെന്നും ജസ്റ്റിസ് പിഷാരടി നിരീക്ഷിച്ചു.












Click it and Unblock the Notifications