ആറ്റുകാൽ പൊങ്കാല:ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം,തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്
പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ നൽകി. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.
ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേൽ പോലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ തത്സമയം ശബ്ദപരിധി അളന്ന് ബോർഡ് കൈമാറുന്നതാണ്. പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്.
പൊങ്കാല ദിവസത്തിന് മുൻപും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് നടപടികൈക്കൊണ്ടിട്ടുണ്ട്. പൊങ്കാലമഹോത്സവം പരിസ്ഥിതി സൗഹൃദമാക്കി തീർക്കുന്നതിന് നഗരസഭ ഉൾപ്പെടെ മറ്റ് വകുപ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് സഹായത്തിനായി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡിനെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല: അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ
ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു.
പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ഓഫീസർ ഡോക്ടർ അശ്വതി ശ്രീനിവാസ്, എ ഡി എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications