ബി നിലവറ നേരത്തേ തുറന്നു, ഇനിയും തുറക്കണം
ദില്ലി: തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ബി നിലവറ നേരത്തേ തുറന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നിലവറ തുറന്ന് മൂല്യ നിര്‍ണയം നടത്തണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരത്തെ രാജ കുടുംബത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ക്ഷേത്രം ട്രസ്റ്റിയാകുമ്പോള്‍ ക്ഷേത്ര സ്വത്ത് സംരക്ഷണം ദൈവത്തോടുള്ള കടമയാണ്. അക്കാര്യം നിര്‍വ്വഹിക്കാന്‍ കഴിയാത്ത ആള്‍ക്ക് ട്രസ്റ്റി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്ഷേത്രത്തില്‍ നിന്ന് കണക്കില്‍ പെടാത്ത സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി നിലവറ തുറന്ന് മൂല്യ നിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. വേണമെങ്കില്‍ ദേവപ്രശ്‌നം നടത്തി ഭക്തരെ തൃപ്തിപ്പെടുത്തിയതിന് ശേഷം നിലവറ തുറന്നാല്‍ മതി.
ക്ഷേത്രത്തിലെ എല്ലാ നിലവറകളും 2007 ല്‍ തുറന്നിരുന്നതായി അമിക്കസ് ക്യൂറി കണ്ടെത്തിയിട്ടുണ്ട്. അന്ന് ബി നിലവറയും തുറന്നിരുന്നു. നിലവറകള്‍ തുറക്കുക മാത്രമല്ല, അതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നിധിയുടെ മൂല്യ നിര്‍ണയം നടത്താന്‍ നിലവറ തുറന്ന് ഫോട്ടോ എടുക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോള്‍ ക്ഷേത്രം ട്രസ്റ്റി അതിനെ എതിര്‍ക്കുകയായിരുന്നുവെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തിരുവനന്തപുരത്തെ മഹാരാജ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍ ചന്ദ്രകുമാര്‍ ആണ് 2007 ല്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുണ്ട്. ചന്ദ്രകുമാര്‍ ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിക്ക് മൊഴി നല്‍കിയിട്ടും ഉണ്ട്. എന്നാല്‍ അന്നെടുത്ത ചിത്രങ്ങളെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്തു എന്നാണ് ചന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2007 ല്‍ ബി നിലവറ തുറന്ന് ഫോട്ടോ എടുത്ത കാര്യം വിദഗ്ധ സമിതിക്ക് മുന്നില്‍ രാജകുടുംബം മറച്ചുവച്ചു എന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.












Click it and Unblock the Notifications