ബാലഭാസ്ക്കറിന്റെ മരണം; അപകട കാരണം അമിത വേഗം, വേഗം 100നും 120 നും ഇടയിലെന്ന് റിപ്പോർട്ട്!
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് കാറിന്റെ അമിത വേഗം മൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക പരിശോധനാ ഫലത്തിലാണ് അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാകക്കുന്നത്.
വാഹത്തിന്റെ വേഗത 100നും 120നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം. ഡ്രൈവർ ഉറങ്ങിയാൽ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിർ ദിശയിലേക്ക് മാറി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്‍റെ റിപ്പോർട്ട്.
ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കര്‍ മരിക്കാന്‍ ഇടയായ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അപകടം ആസൂത്രിതമല്ലെന്ന സൂചന പ്രാഥമിക പരിശോധനയില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.സാങ്കേതിക പരിശോധനാ ഫലവും ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധനിച്ച ശേഷമെ ക്രൈംബ്രാഞ്ച് അന്തിമ നിലപാടിലെത്തൂ. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്.