''ഇത് അനീതിയാണ്, വേറെ വാക്കുകളുണ്ട്, സഭ്യമായി പറയുന്നെന്നേ ഉളളൂ, കൂട്ടത്തില്‍ തങ്ങളെ കൂടെ ഒന്നിരുത്തണ്ടേ''
തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായുളള ചലച്ചിത്ര മേളയിൽ തന്റെ സിനിമകൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിലുളള പ്രതിഷേധം പരസ്യമാക്കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഇത് അനീതിയാണെന്നും കാരണക്കാരായവർ ഉത്തരം തരണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ബാലചന്ദ്ര മേനോന്റെ പ്രതികരണം.
ബാലചന്ദ്ര മേനോന്റെ പ്രതികരണം: നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ താന്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ട് മലയാള സിനിമയുടെ പരിച്ഛേദം കാണിക്കാനുളള ശ്രമത്തില്‍ തന്റെ ഒരു സിനിമയുടെ പ്രാതിനിധ്യം ഇല്ല. ചില സംവിധായകരുടെ രണ്ട് സിനിമകളൊക്കെ ഉണ്ട്. തിയറ്ററില്‍ ഒരു ഷോ പോലും നടക്കാത്ത പടങ്ങള്‍ വരെയുണ്ട്.

നവംബര്‍ ഒന്നാം തിയ്യതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. എന്നാല്‍ പൊങ്ങച്ചം പറയാന്‍ ബാധ്യസ്ഥനാവുകയാണ്. സമാന്തരങ്ങള്‍ മാത്രമെടുക്കൂ. സംസ്ഥാന പുരസ്‌ക്കാരവും ദേശീയ പുരസ്‌ക്കാരവും കിട്ടി. ആ സിനിമയ്ക്ക് ഈ കൂട്ടത്തിലിരിക്കാന്‍ യോഗ്യത ഇല്ലെന്ന് പറയുന്ന മഹാന്മാര്‍ തനിക്ക് ഉത്തരം തരാന്‍ ബാധ്യസ്ഥരാണ്. ഏപ്രില്‍ 18ും ചിരിയോ ചിരിയും ഒന്നും ജനപ്രീതിയുളള സിനിമയല്ലേ?
ഇത് നീതിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ്. വേറെ വാക്കുകളുണ്ട്. താന്‍ സഭ്യമായ രീതിയില്‍ പറയുന്നു എന്നേ ഉളളൂ. തന്റെ സിനിമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ഇന്നും ആ സിനിമകള്‍ ഓര്‍ത്തിരിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകവൃന്ദമുണ്ട്. അവരെ അടച്ചാക്ഷേപിക്കാന്‍ പാടില്ല. സംവിധായകന്‍ മോഹന്റെയും ഒരു സിനിമയും ഇല്ല. അതൊക്കെ അനീതിയാണ്.
മികച്ച സിനിമ എന്ന നിലയില്‍ ഉള്‍പ്പെടുത്തണം എന്നല്ല പറയുന്നത്. കൂട്ടത്തില്‍ തങ്ങളെ കൂടെ ഒന്നിരുത്തണ്ടേ. അങ്ങനെയങ്ങ് ഏമാന്മാര്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ്. കഷ്ടമല്ലേ. അതിന് ഉത്തരവാദികള്‍ ആരായാലും അതിന് ഉത്തരവാദികള്‍ തന്നെയാണ്. അതിനെ ചോദ്യം ചെയ്യാനുളള അവകാശം നികുതി അടക്കുന്ന പൗരനെന്ന നിലയില്‍ അവകാശമുണ്ട്. അതിനെയൊന്നും പണയം വെക്കേണ്ട കാര്യമില്ല. കാരണം ആരുടേയും ഔദാര്യത്തിലൊന്നും അല്ല കഴിയുന്നത്.

കെഎസ്എഫ്ഡിസിയും ചിത്രാജ്ഞലിയും ചലച്ചിത്ര അക്കാദമിയുമൊക്കെയായി നല്ല ബന്ധമാണ്. കെഎസ്എഫ്ഡിസി നല്ല ബുദ്ധിമുട്ടുന്ന സമയത്താണ് തന്റെ സിനിമകളെല്ലാം വരുന്നത്. തന്റെ ചിത്രങ്ങളിലൂടെ എന്തുമാത്രം വരുമാനമാണ് ചിത്രാജ്ഞലിക്ക് കൊടുത്തിട്ടുളളത്. അങ്ങനെ സര്‍ക്കാരിന്റെ കൈകള്‍ക്ക് ശക്തി പകര്‍ന്നിട്ടുളള ചലച്ചിത്രകാരനാണ്. ചിത്രാജ്ഞലിയുടെ അഭിമാന ചിത്രമാണ് സമാന്തരങ്ങള്‍. എന്തുകൊണ്ട് അത് ഉള്‍പ്പെടുത്തിയില്ല. നിലവാരം ഇല്ലാത്ത പടമാണോ. ഉത്തരം തരണം.
എന്തുമങ്ങ് ചെയ്‌തേക്കും എന്ന് പറയരുത്. ഇത് ജനാധിപത്യമാണ്. നവംബര്‍ ഒന്നാം തിയ്യതി രാവിലെ എഴുന്നേറ്റിരുന്ന് വിലപിക്കേണ്ടി വന്നതില്‍ ലജ്ജയുണ്ട്. ആ ലജ്ജയ്ക്ക് കാരണക്കാര്‍ ആരാണെങ്കിലും അവരും ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടി വരും.












Click it and Unblock the Notifications