ബിബിസി: ഉറങ്ങിക്കിടന്ന ബ്രിട്ടീഷ് സ്നേഹമാണ് കോണ്‍ഗ്രിസിനും സിപിഎമ്മിനും: കുമ്മനം രാജശേഖരന്‍
ബിജെപി വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും സംസ്ഥാനത്ത് ഉടനീളം വിവാദം ഡോക്യൂമെന്രറി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി ബി സി പുറത്തിറക്കിയ ഡോക്യുമെന്ററി കോൺഗ്രസും സി പി എമ്മും കേരളത്തിൽ പ്രദർശിപ്പിക്കുന്നത് വൈദേശിക കൊളോണിയൽ ഭരണശക്തികളോടുള്ള അതിരു കവിഞ്ഞ ഭയഭക്തി ബഹുമാനം കൊണ്ടാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍.
ഭാരതത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ലോകരാഷ്ട്ര നായകനായി എല്ലാ രാഷ്ട്ര തലവന്മാരും അംഗീകരിച്ച് ആദരിക്കുന്ന നരേന്ദ്രമോദിയെ എങ്ങനെയും അപകീർത്തിപ്പെടുത്തണമെന്ന് കോൺഗ്രസും, സിപിഎമ്മും ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഭാരതം സ്വതന്ത്രമായെങ്കിലും ചിലരുടെ മനസ്സിൽ നിന്നും ബ്രിട്ടീഷ് സ്നേഹത്തെ ഒഴിവാക്കാൻ കഴിയുന്നില്ല.
ബിബിസി ഒരു ഡോക്യുമെന്ററിയുമായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ രംഗത്തു വന്നപ്പോൾ ഉറങ്ങിക്കിടന്ന ബ്രിട്ടീഷ് സ്നേഹം അവരിൽ തലപൊങ്ങി. ഇന്ത്യൻ സുപ്രീംകോടതിയുടെതല്ല ബ്രിട്ടീഷുകാരുടേതാണ് അന്തിമ വാക്ക് എന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഭരണഘടനാപരമായ സമുന്നത ദേശീയ അധികാരസ്ഥാനങ്ങൾ നാടിന്റെ അഭിമാന ബിന്ദുക്കളാണ്. ആ സ്ഥാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ ആരായിരുന്നാലും അവർ വഹിക്കുന്ന സ്ഥാനങ്ങൾ നാടിന്റെ ഭരണത്തലവന്മാർ എന്ന നിലയ്ക്ക് ഭാരതീയർക്കെല്ലാം സമാദരണീയമാണ്. അവരെ അപമാനിക്കാൻ വിദേശ ശക്തികൾ ശ്രമിച്ചാൽ അത് ഇന്ത്യാ വിരുദ്ധ നീക്കമായേ കാണാനാവൂ. ഇന്ന് ബ്രിട്ടീഷുകാരാണ് രംഗത്ത് വന്നത് .. നാളെ ഒരുപക്ഷേ പാക്കിസ്ഥാൻകാർ ഡോക്യുമെൻററിയുമായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ പ്രചരണവുമായി രംഗത്തു വന്നു വെന്ന് വരാം. അപ്പോഴും അവരെ പിന്തുണയ്ക്കാൻ കോൺഗ്രസും സിപിഎമ്മും തയ്യാറായേക്കാം. വൈദേശിക ശക്തികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുകയും, നാടിന്റെ ഭരണത്തലവനായ പ്രധാനമന്ത്രിക്കെതിരെ പ്രചാര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല.
ദേശീയ വികാരം ഉയർത്തിപ്പിടിച്ച കോൺഗ്രസ്സും സാമ്രാജ്യ മനോഭാവമുള്ള ബ്രിട്ടീഷുകാരും തമ്മിലായിരുന്നു സ്വാതന്ത്ര്യസമരകാലത്തെ ഏറ്റുമുട്ടൽ. ഇപ്പോൾ ബ്രിട്ടീഷുകാർക്ക് വേണ്ടി വാദിക്കുന്ന കോൺഗ്രസ്സും ദേശീയവാദികളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ പാർലമെന്റിൽ പ്രധാനമന്ത്രിക്ക് എല്ലാ രാഷ്ട്രീയ പാർട്ടി മെമ്പർമാരും ജയ് വിളിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് അല്ല നാടിനെ നയിക്കുന്ന ഭരണതലവനാണ് അവർ അഭിവാദ്യം അർപ്പിച്ചത്. പ്രധാനമന്ത്രിയെ ഇപ്പോൾ അവഹേളിക്കുന്ന ബ്രിട്ടീഷുകാർ ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത് എന്ന് കോൺഗ്രസും സിപിഎമ്മും മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications