'വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സൂക്ഷിച്ച് മതി'; നേതാക്കൾക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തുമ്പോൾ നേതാക്കൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് കാര്യങ്ങൾ പറഞ്ഞാലും ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മിത്ത് വിവാദം ചൂട് പിടിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇടതുപക്ഷത്തിനൊപ്പം വിശ്വാസികൾ ഉണ്ട്. എന്ത് കാര്യം പറയുമ്പോൾ മുന്നണിയെ ദോഷകരമായി ബാധിക്കില്ലെന്നതിൽ ശ്രദ്ധ ചെലുത്തണം. സംഘപരിവാർ ഒരു വിഭാഗം വിശ്വാസികൾക്കായി മാത്രമാണ് നിലകൊള്ളുന്നത്. എന്നാൽ എല്ലാ വിശ്വാസികളേയും സംരക്ഷിക്കുന്നതാകണം ഇടതുപക്ഷത്തിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തരത്തിലുള്ള വിശ്വാസികളേയും ബഹുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ശാസ്ത്രബോധവും വിശ്വാസവുമായി ബന്ധപ്പെട്ട സംവാദങ്ങളാണ് നടക്കുന്നത്. ശാസ്ത്രബോധത്തെ ഉയർത്തിക്കാട്ടുന്നതിനായി വിശ്വാസത്തെ പോറലേൽപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മിത്ത് വിവാദം സഭയിൽ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്. സ്പീക്കർക്കെതിരെ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാൻ സഭ ചട്ടം അനുവദിക്കില്ല. ഈ സാഹചര്യത്തിൽ പ്രസംഗത്തിലെങ്കിലും വിഷയം പരമാർശിച്ച് പോകണമെന്നതാണ് യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഉയർന്ന ആവശ്യം. നേരത്തേ മിത്ത് വിവാദം സഭയിൽ കത്തിക്കേണ്ടതില്ലെന്നായിരുന്നു യു ഡി എഫ് തീരുമാനം. പകരം സ്പീക്കർ നിലപാട് തിരുത്തണമെന്ന സമീപനം കൈക്കൊണ്ടാൽ മതിയെന്നും യോഗത്തിൽ ചർച്ചയായിരുന്നു.
അതേസമയം വിവാദത്തിൽ ഇനി പരസ്യപ്രതിഷേധം വേണ്ടെന്നാണ് എൻ എസ് എസ് തീരുമാനം. സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാക്കാതെ നിയമപരമായി മുന്നോട്ട് പോകാനാണ് എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗം കൈക്കൊണ്ട തീരുമാനം.പരാമർശം സംബന്ധിച്ച് സർക്കാർ യാതൊരു പ്രതികരണവും നടത്താത്തതിൽ എൻ എസ് എസ് ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
എ എൻ ഷംസീറിനെതിരായ നിലപാടിൽ സംഘടന ഉറച്ച് നിൽക്കുകയാണെന്നും എം വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും ഒരിക്കലും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ലെന്നും എൻ എസ് എസ് പത്രക്കുറിപ്പിൽ അറിയിച്ചു. നേരത്തേ വിഷയത്തിൽ വലിയ പ്രതിഷേധമായിരുന്നു എൻ എസ് എസ് നടത്തിയത്. സംഘടന തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു.












Click it and Unblock the Notifications