'ഇന്ത്യ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽപോലെ വ്യക്തം, എൻസിഇആർടി നടപടി അംഗീകരിക്കാനാകില്ല';മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ സി ഇ ആർ ടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ സി ഇ ആർ ടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നതെന്നും എൻ സി ഇ ആർ ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം

'സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിനുപകരം 'ഭാരതം' എന്ന് തിരുത്താനാണ് എന്‍ സി ഇ ആര്‍ ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്.
സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ എസ്എ സ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത്.
ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ സി ഇ ആർ ടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണ്. ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ 'ഇന്ത്യ'യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിർദ്ദേശം. എൻ സി ഇ ആർ ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണം', മുഖ്യമന്ത്രി പറഞ്ഞു.
പാഠപുസ്തകത്തില്‍ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' കൊണ്ടുവരാനുള്ള നീക്കം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.എൻസിഇആർടി കൊണ്ടുവന്ന മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications