സിനിമയിലും ജീവിതത്തിലും എന്റെ ബിഗ് ബ്രദറെന്ന് മോഹന്‍ലാല്‍, അനുശോചിച്ച് മമ്മൂട്ടിയും
കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. ജീവിതത്തിലും സിനിമയിലും തന്റെ ബിഗ് ബ്രദറായിരുന്നു സിദ്ദിഖ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ.
വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.

അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാനചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ്ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍ എന്ന് മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം മമ്മൂട്ടിയും വിയോഗത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ....സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലിയെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മന്ത്രി സജി ചെറിയാനും സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകര്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും സജി ചെറിയാന്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളില്‍ ലാലിനൊപ്പവും തുടര്‍ന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടുമുക്കാലും തിയേറ്ററുകളില്‍ ഓളങ്ങള്‍ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്.
ഹാസ്യപ്രധാനമായ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ നേരുന്നുവെന്നും സജി ചെറിയാന്‍ കുറിച്ചു.












Click it and Unblock the Notifications