'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരാർത്ഥികളായിരുന്നു മണിക്കുട്ടനും സൂര്യയും. മണിക്കുട്ടന്‍ സീസണ്‍ വിന്നറായപ്പോള്‍ ഷോയില്‍ ഏറ്റവും അവസാനം എവിക്ഷനിലൂടെ പുറത്തായ താരം സൂര്യയായിരുന്നു. സൂര്യക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയമായിരുന്നു ആ സീസണിലെ ഏറ്റവും പ്രധാന ചർച്ചാ വിഷയം. സൂര്യ തന്റെ പ്രണയം തുറന്ന് പറഞ്ഞെങ്കിലും മണിക്കുട്ടന്‍ ഒരു സുഹൃത്ത് എന്ന രീതിയിലായിരുന്നു തിരിച്ച് കണ്ടിരുന്നത്.
ഈ തുറന്ന് പറച്ചിലിന്റെ പേരില്‍ സൂര്യക്ക് വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ടിവിയിലെ ഒരുകോടിയെന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇതുള്‍പ്പടേയുള്ള കാര്യങ്ങളില്‍ വീണ്ടും മനസ്സ് തുറക്കുകയാണ് താരം.

തനിക്കെതിരായ വിമർശനങ്ങള്‍ വന്ന സമയത്ത് ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് ഒരുകൂട്ടം ആളുകള്‍ അക്രമിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. വളരെ സില്ലിയായിട്ടുള്ള കാരണങ്ങളായിരുന്നു എന്നെ അക്രമിക്കുന്നതിന് വേണ്ടി അവർ പറഞ്ഞിരുന്നതെന്നും സൂര്യ ജെ മേനോന്‍ പറയുന്നു.

ഒറ്റക്കിരുന്നും കണ്ണാടി നോക്കിയും സംസാരിച്ചു, പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനം. സ്ത്രീ പുരുഷ സമത്വം എന്നതിനെക്കുറിച്ച് നമ്മള്‍ എപ്പോഴും പറയും. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കില്‍ അവർ മാസാണ്. നേരെ മറിച്ച് ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ പ്രപ്പോസ് ചെയ്താല്‍ അവള്‍ കേസ് എന്ന തരത്തിലാണ് നമ്മുടെ സമൂഹം കാണുന്നത്.

കഴിഞ്ഞ സീസണില്‍ എന്റെ ഒരു സോഫ്റ്റ് ഫീലിങ് ഞാന്‍ പ്രകടിപ്പിച്ചു എന്നുള്ളതുകൊണ്ട് മാത്രം മലയാളികള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അയാളുടെ പേര് പറയാന്‍ താല്‍പര്യമില്ല. അയാളിപ്പോള്‍ അയാളുടെ ജീവിതവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം സുഹൃത്ത് എന്ന നിലപാടാണ് എടുത്തത്. ബിഗ് ബോസിലൊന്നും സ്ക്രിപ്റ്റഡ് അല്ല. ഇക്കാര്യവും അങ്ങനെയായിരുന്നില്ലെന്നും സൂര്യ പറയുന്നു.

ഒരുവീടിനുള്ളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു, ഒന്നിച്ച് ഉറങ്ങുകയും ചെയ്യുകയാണ്. നമുക്ക് അവിടെ ഫോണോ മറ്റ് കാര്യങ്ങളോ ഇല്ല. അച്ഛനേയും അമ്മേയേയും കാണാന്‍ സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കിടന്നുറങ്ങത് വരെ കാണുന്നത് ഇത്രയും പേരെ മാത്രമാണ്. അപ്പോള്‍ സ്വാഭാവികമായും നമുക്ക് ഒരു ഫീലിങ് തോന്നിയേക്കാം.

നേരത്തെ വളരെ ദേഷ്യം വരുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഇവരുമൊക്കെയായി അടുത്ത ശേഷം പിണങ്ങാനും അടിയുണ്ടാക്കാനുമൊക്കെ എനിക്ക് സാധിക്കുമായിരുന്നില്ല. അപ്പോള്‍ അവർ എന്നോട് അടിയുണ്ടാക്കുമ്പോള്‍ ഞാന്‍ പോയി കിടന്ന് കരയും. അങ്ങനെയാണ് ക്രൈ ബേബി എന്ന പേര് ലഭിക്കുകയും ചെയ്തെന്നും സൂര്യ ജെ മേനോന്‍ ഷോയിലെ അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നു.

പ്രണയമാണെന്ന കാര്യം ഞാന്‍ തുറന്ന് പറഞ്ഞു. അത് ടെലികാസ്റ്റും ചെയ്തു. എന്നാല്‍ ഇതൊരു ഗെയിം ഷോ ആയതിനാല്‍ തന്നെ എന്താണ് സത്യം, എന്താണ് നുണ എന്നുള്ളത് അധികം ആളുകള്‍ മനസ്സിലാവില്ല. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്റ പ്രണയം ബിഗ് ബോസ് വേദിയില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications