'KSRTC ഡ്രൈവർമാരെ പോലെ തലയ്ക്ക് സ്ഥിരതയില്ലാതെ സ്വിഫ്റ്റ് ഡ്രൈവർമാർ പെരുമാറരുത്'; എംഡിയുടെ സന്ദേശം
തിരുവനന്തപുരം: സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം പുറത്ത്. കെ എസ് ആര്‍ ടി സിയിലെ ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്നാണ് ബിജു പ്രഭാകര്‍ ശബ്ദ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്നാണ് അദ്ദേഹം സ്വഫ്റ്റ് ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിക്കുന്നത്. ശബ്ദ സന്ദേശം ഇങ്ങനെ.

സ്വിഫ്റ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവര്‍ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഹോണടിച്ച് പോയാല്‍ കെഎസ്ആര്‍ടിസിയിലെ ചില ഡ്രൈവര്‍മാരെ പോലെ അവജ്ഞതയോടെയേ നിങ്ങളെയും കാണുകയുള്ളൂ.

അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാല്‍ മതി മാറേണ്ടവര്‍ മാറും. അതിന് പകരം ഹോണടിപ്പിച്ച് അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കില്‍ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ട് മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചോണം. കെഎസ്ആര്‍ടിസിയിലെ ചില തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവര്‍മാരെ പോലെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ പെരുമാറരുത്.- ശബ്ദ സന്ദേശത്തില്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരിച്ച് ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ടുകള്‍ സി എം ഡി ബിജു പ്രഭാകര്‍ തടഞ്ഞു! ഇതുവരെ യാതൊരു ഫയല്‍ പോലും ഒപ്പിട്ടില്ല എന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണവും ബിജു പ്രഭാകര്‍ നല്‍കിയിരുന്നു. വിശദീകരണം ഇങ്ങനെ,

സെപ്തംബർ 5 ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടന്ന ചർച്ചയിൽ ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുൻപ് തീർത്ത് നൽകുമെന്ന് ബഹു: മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അതിനനുസരണമായി ധനകാര്യ വകുപ്പ് അതിവേഗം അംഗീകാരം നൽകുകയും, സെപ്തംബർ 6 ന് ഉച്ചയ്ക്ക് 12:00 മണിയോടെ തന്നെ ശമ്പള വിതരണത്തിനാവശ്യമായ ഉത്തരവുകൾ ഗതാഗത വകുപ്പ് സെക്രട്ടറി എന്ന നിലയിൽ ഞാൻ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം ധനകാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗത്തിൽ പോയതിനു ശേഷം Ways and means ക്ലിയറൻസ് വാങ്ങി, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറൻസ് വാങ്ങി ജില്ലാ ട്രഷറിയിൽ നിന്നും സബ് ട്രഷറിയിൽ വന്ന് അവിടെ നിന്നും കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ വന്ന് ശമ്പള വിതരണം രാത്രി 8 മണിയോടെ പൂർത്തിയായി. ഇത്രയും നടപടിക്രമങ്ങൾ മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കണം എങ്കിൽ എത്ര പേർ അതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് മനസ്സിലാക്കണം.

എന്നിട്ടും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറത്തിറക്കാതെ ശമ്പളം തടയാൻ ശ്രമിക്കുന്നു എന്ന പേരിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2:00 മണിയോടെ ഒരു വനിതാ ജീവനക്കാരിയുടെ പേരിൽ നവമാധ്യമങ്ങളിൽ ഒരു ഓഡിയോയും കുറിപ്പും പ്രചരിക്കുകയുണ്ടായി. സർക്കാരും മാനേജ്മെന്റും ഓണത്തിന് മുൻപ് എങ്ങനെയും ജീവനക്കാരുടെ ശമ്പളം കൊടുത്തു തീർക്കാൻ പരിശ്രമിക്കുമ്പോൾ, എന്തെങ്കിലും കാരണവശാൽ അത് താമസിച്ചാൽ അതിന്റെ പഴി മുഴുവൻ സി.എം.ഡിയുടെയും മാനേജ്മെന്റിന്റെയും തലയിലിടാം എന്ന ദുഷ്ടലാക്കോടെയാണ് ഈ ഓഡിയോയും, കുറിപ്പും പ്രചരിപ്പിച്ചത് എന്ന് വ്യക്തം.

ഇത്തരത്തിൽ ശമ്പളം മുടങ്ങിയാൽ ഒരു പണിമുടക്ക് നടത്തി പൊതു ജനം കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശപിക്കുന്ന സ്ഥിതിയുണ്ടാക്കി, എല്ലാവരും ഈ സ്ഥാപനത്തെ ഉപേക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ച്, കെ.എസ്.ആർ.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടേത്. ശമ്പളം ജീവനക്കാർക്ക് ലഭിക്കുന്നത് വരെയേ ഈ അപവാദ പ്രചരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ എന്നത് അവർക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്.












Click it and Unblock the Notifications