കൊലക്കളങ്ങളായി കോഴിക്കോട്ടെ റോഡുകള്‍; ജീവന്‍ നഷ്ടപ്പെടുന്നത് ബൈക്ക് യാത്രികര്‍ക്ക്
കോഴിക്കോട്: റോഡുകള്‍ കൊലക്കളങ്ങളാകുമ്പോള്‍ രണ്ടു ദിവസംകൊണ്ട് കോഴിക്കോട്ട് പൊലിഞ്ഞത് ആറു ജീവനുകള്‍. രണ്ടിലും മരണപ്പെട്ടത് ഇരുചക്ര വാഹന യാത്രികര്‍. ശനിയാഴ്ച മാവൂരിനടത്തു പെരുവയലില്‍ ടിപ്പര്‍ ലോറി ഒരേസമയം ബൈക്കിലും സൈക്കിളിലും ഇടിച്ചു മറിഞ്ഞു മരിച്ചത് മൂന്നു പേരായിരുന്നു.
സൈക്കിള്‍ യാത്രക്കാരനായ പെരുവയല്‍ എളവന ശിവദാസന്‍ (59), ബൈക്ക് യാത്രക്കാരന്‍ പാലാഴി കളത്തില്‍ത്താഴം രവീന്ദ്രന്റെ മകന്‍ ദിപിന്‍ (27), സ്‌കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂര്‍പൊയില്‍ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരായിരുന്നു മരണപ്പെട്ടത്. മാവൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ടിപ്പര്‍ ലോറി മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം എതിരെ വരികയായിരുന്ന സൈക്കിളില്‍ ഇടിച്ച് മറ്റൊരു ബൈക്ക് യാത്രക്കാരനെക്കൂടി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം റോഡരികിലെ ഇലക്ട്രിക് പോസ്റ്റുംകൂടി ഇടിച്ചുമറിച്ചിട്ടാണ് ലോറി മറിഞ്ഞുവീണത്.

ഞായറാഴ്ചയാകട്ടെ ബൈക്ക് യാത്രികരായ ഒരു കുടുംബത്തിലെ മൂന്നു പേരെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസിന്റെ അടിയില്‍പ്പെട്ടു മരിക്കുകയായിരുന്നു. മലാപറമ്പ് ഗോള്‍ഫ്‌ലിങ്ക് റോഡ് മുതിരക്കാലപ്പറമ്പില്‍ രാരിച്ചന്‍കണ്ടി വീട്ടില്‍ പ്രജിത്ത് എന്ന വാവ (43), ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ മൂഴിക്കല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. കര്‍ണാടകയിലെ തുംകൂരില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ബസ്. ചെറുവറ്റയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു പ്രജിത്തും കുടുംബവും. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പശ്ചാത്തലത്തില്‍ ഭീതിയോടെയാണ് ബൈക്ക് യാത്രികര്‍ വാഹനങ്ങളുമായി റോഡുകളിലേക്ക് ഇറങ്ങുന്നത്.












Click it and Unblock the Notifications