ആര്‍ ശ്രീലേഖ സിറ്റിങ് വാര്‍ഡില്‍; ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളും
തിരുവനന്തപുരം: കോണ്‍ഗ്രസിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികളെ അണിനിരത്തി രംഗം കൊഴുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇനി ഇടതുസ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നാണ് അറിയേണ്ടത്.
കെഎസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള യുവ-മുതിര്‍ന്ന നേതാക്കളുടെ പടയെ ആണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ബിജെപിയും സമാനമായ നീക്കമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വാശിയേറിയ പോരാട്ടം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. മാത്രമല്ല, ആര്‍ക്കും വേഗത്തില്‍ ജയിക്കാന്‍ പറ്റാത്ത കോര്‍പറേഷനായി തിരുവനന്തപുരം മാറുമെന്ന് വ്യക്തമാകുകയാണ്.

ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലാണ് മല്‍സരിക്കുക. ഇത് ബിജെപിയുടെ സിറ്റിങ് വാര്‍ഡാണ്. അതുകൊണ്ടുതന്നെ വിജയം ശ്രീലേഖ ഉറപ്പിച്ചു എന്നാണ് ബിജെപി നേതാക്കളുടെ വികാരം. ജില്ലയിലെ പ്രധാന ബിജെപി നേതാവ് വിവി രാജേഷ് കൊടുങ്ങാനൂരിലാണ് മല്‍സരിക്കുന്നത്. ഇതും ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ഇതില്‍ ഏതെങ്കിലും ഒരാളായിക്കും മേയര്‍.
അതേസമയം, കെഎസ് ശബരീനാഥന്‍ മല്‍സരിക്കുന്ന കവടിയാറില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാംഘട്ട സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാകും. ഈ വേളയില്‍ കവടിയാറിലെ സ്ഥാനാര്‍ഥിയെ അറിയാം. മുന്‍ കായിക താരം പത്മിനി ശെല്‍വന്‍ പാളയത്ത് ബിജെപിക്ക് വേണ്ടി മല്‍സരിക്കും.
കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്കും സീറ്റ്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന തമ്പാനൂര്‍ സതീശ് തമ്പാനൂര്‍ വാര്‍ഡില്‍ മല്‍സരിക്കും. കെ മഹേശ്വരന്‍ നായര്‍ക്കും ബിജെപി സീറ്റ് നല്‍കി. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. പുന്നക്കാമുകള്‍ വാര്‍ഡിലാണ് മഹേശ്വരന്‍ നായര്‍ മല്‍സരിക്കുക. ആദ്യ സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോള്‍ 50 ശതമാനവും സിറ്റിങ് കൗണ്‍സിലര്‍മാര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ ആദ്യ കൗണ്‍സിലര്‍ ആയ അശോക് കുമാര്‍ പേട്ടയിലാണ് മല്‍സരിക്കുന്നത്. വിജി ഗിരി വലിയവിള വാര്‍ഡില്‍ മല്‍സരിക്കും. ആര്‍ ശ്രീലേഖ മല്‍സരിക്കുന്നതാണ് ഇത്തവണ ബിജെപി പട്ടികയുടെ പ്രത്യേകത. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവര്‍ മല്‍സരിക്കുന്നത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അത്ര സജീവമായിരുന്നില്ല. എല്‍ഡിഎഫും ബിജെപിയുമാണ് വാശിയേറിയ പോരാട്ടം നടത്തിയിരുന്നത്. ഇത്തവണ കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മല്‍സരത്തിന് തലസ്ഥാനം സാക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 52 സീറ്റ് നേടിയാണ് ഇടതുപക്ഷം ഭരിച്ചത്. ബിജെപിക്ക് 35 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications