കല്ല് പറിക്കാന്‍ പോവുന്നത് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി: സിഎന്‍ മോഹനന്‍
തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിന് എതിരെ കോൺഗ്രസ്,ബിജെപി, എസ്ഡിപിഐ തുടങ്ങിയവരുടെ സംയുക്ത മുന്നണിയാണ് നേതൃത്വം നൽകുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹന്‍. കല്ലു പറിക്കൽ സമരകോലാഹലങ്ങളിൽ കൂടികഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് കാണാൻ സാധിച്ചതും ഈ വികസനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഒരു കല്ല് പറിക്കാൻ ഡി സി സി പ്രസിഡന്റും,ബി ജെ പി ജില്ലാ പ്രസിഡന്റും ഒന്നിച്ച് ശ്രമിക്കുന്ന കാഴ്ച, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകട്ടെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ എത്തിയാണ് കുറ്റി പറിക്കാൻ ഇറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ന് സ.കോടിയേരി പറഞ്ഞിരിക്കുന്ന ഒരു പോയിന്റ് വളരെ പ്രസക്തമാണ് ഇന്ത്യയിൽ കേരളത്തിന് പുറത്ത് 8 പദ്ധതികൾ ഇപ്പോൾ നടക്കുന്നുണ്ട്.ഹൈ സ്പീഡ് റെയിൽ ഉൾപ്പെടെയുള്ള ഇത്തരം പദ്ധതികളിൽ ബി ജെ പി, കോൺഗ്രസ് , കേരളത്തിൽ പദ്ധതിയെ എതിർക്കുന്ന മറ്റു പാർട്ടികൾ എന്നിവരുടെ നിലപാട് എന്താണ് ? കേരളത്തിനകത്ത് ഒരു വിശാല കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഐക്യം ആണ് ഉണ്ടാക്കാൻ ഇവർ ശ്രമിക്കുന്നത്.

ഡൽഹിയിൽ പഴയ റൈസീന കുണ്ഡ് എന്നറിയപ്പെടുന്ന സ്ഥലത്ത് ബ്രിട്ടീഷുകാർ പണിഞ്ഞ വിശാലമായ പാർലമെന്റ് മന്ദിരം ഉള്ളപ്പോൾ 22000 കോടി എന്ന് എസ്റ്റിമേറ്റ് ഇട്ടിരിക്കുന്ന സെന്റർ വിസ്ത പ്രൊജക്ട് നടപ്പാക്കാനും അതിനടുത്ത് പ്രധാനമന്ത്രിക്കായി പ്രത്യേക മന്ദിരം ഒരുക്കാനും ഉള്ള തീരുമാനത്തിന് എതിരെ ബി ജെ പി ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തിരുന്നു. എന്തുകൊണ്ട് ആ നിർമ്മാണം തടയാനോ കല്ലു പിഴുതെറിയാനോ കെ - റെയിലിനെ എതിർത്ത ഈ പാർട്ടികൾ ആരും പോവുന്നില്ല ?
കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം നിർമിക്കുമ്പോൾ ഇതേ പരിസ്ഥിതി പ്രശ്നം ഉൾപ്പെടെ പറഞ്ഞ് പലരും പദ്ധതിയെ എതിർത്തു. സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്തതാണ് ഗോശ്രീ പാലം. അതിനെതിരെയും ഇവിടെ പലരും നിലയുറപ്പിച്ചിരുന്നു. ജലസമാധി ഉൾപ്പെടെ നടത്തിയാണ് അന്ന് ഈ പാലത്തിനു വേണ്ടി വൈപ്പിൻ നിവാസികൾ പോരാടിയത്. ഇപ്പോൾ മറൈൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കുമ്പോൾ പണ്ട് ഇപ്പോഴുള്ള മറൈൻ ഡ്രൈവ് നിർമ്മാണ സമയത്ത് ഉണ്ടായ എതിർപ്പ് ആലോചിച്ച് പോവുകയാണ്.
എന്നും അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് എതിരെ ഇതു പോലുള്ള പല എതിർപ്പുകളും ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. കേരളത്തിൽ മാത്രമാണ് ഇത്തരം സമീപനം ഈ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്നത്. കാരണം കെ റെയിൽ വന്നാൽ 2025 ൽ കമ്മീഷൻ ചെയ്യും .2026 ൽ അടുത്ത ഇലക്ഷൻ വരും. ഇതോടെ കോൺഗ്രസ് കേരളത്തിലും നാമാവശേഷമാകും എന്നത് മാത്രമാണിപ്പോൾ സമരത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസുകാരുടെ പ്രശ്നം.
കല്ലു പിഴുത് എറിയുന്നത് സ്ഥല ഉടമകളല്ല എന്നതാണ് വസ്തുത. സമരത്തിന് കുഞ്ഞുങ്ങളുമായി എത്തി കുട്ടികൾക്ക് ശാരീരിക ഉപദ്രവം നൽകി സമരത്തിൽ നാടകീയ രംഗങ്ങൾ ഉണ്ടാക്കുക, സമരത്തിനെത്തുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നീക്കങ്ങളിൽ പോലീസ് അവധാനതയോടെ ഇടപെട്ടതിനാലാണ് അവിടെ വലിയ അപകടം ഇല്ലാതെ പോയത്. എന്നാൽ ഇതെല്ലാം മറച്ച് വച്ചാണ് പ്രധാന മാധ്യമങ്ങൾ ഈ സമരത്തെ ആളിപടർത്താൻ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് പായിപ്പാടിലും ഇത്തരം കുത്തി തിരിപ്പ് മുന്നണികളെ നമ്മൾ കണ്ടതാണ്.
ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ വികസനത്തിൽ നാഴികകല്ലാവുന്ന ഈ പദ്ധതിയെ തടസ്സപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നവർക്ക് എതിരെ അതിശക്തമായ ക്യാംപെയിൻ പാർട്ടി ആസൂത്രണം ചെയ്യും. സ്ഥലം വിട്ടു കൊടുക്കുന്ന എല്ലാവരുടെയും വീടുകൾ കയറാൻ തന്നെയാണ് തീരുമാനം. നഷ്ടപരിഹാരം കൈപറ്റിയ ശേഷം മാത്രം സ്ഥലം വിട്ടു കൊടുത്താൽ മതി എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ വീടുകൾ കയറി പറഞ്ഞ് മനസ്സിലാക്കും. കേരളത്തിന്റെ വികസന കാര്യത്തിൽ എതിരു നിൽക്കുന്ന ഇത്തരക്കാരുടെ ഇരട്ടതാപ്പ് വെളിവാക്കുന്ന പ്രചരണങ്ങൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ടു തന്നെ സമൂഹത്തിൽ നടത്തും.ജനങ്ങളെ അണിനിരത്തി കൊണ്ടു തന്നെ ഇത്തരം വെല്ലുവിളികളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications