വയനാട് ഇത്തവണ ഹരം പകരും; ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍, നാലിടത്തും പ്രഖ്യാപിച്ചു
കൊച്ചി: ഏറെ കാത്തിരുന്ന ശേഷം കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടികയായി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ വയനാട് ശരിക്കും വിഐപി മണ്ഡലമായി മാറി. രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനുമാകും കളത്തില്‍.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 16 ഇടത്താണ് മല്‍സരിക്കുന്നത്. നേരത്തെ 12 സീറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. നാലിടത്താണ് ബാക്കി വച്ചിരുന്നത്. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ബിജെപി പ്രഖ്യാപിച്ചു. കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ടിഎന്‍ സരസു ആലത്തൂരിലും കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍ മല്‍സരിക്കും.

വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ കെ സുരേന്ദ്രന്‍ എത്തുന്നതോടെ രാഹുല്‍ ഗാന്ധിക്കെതിരായ നീക്കങ്ങളില്‍ ബിജെപി ഒട്ടും പിന്നോട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. കെ സുരേന്ദ്രന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു കെ സുരേന്ദ്രന്‍. ശബരിമല വിഷയം പ്രചാരണ ആയുധമായിരുന്ന കാലത്തായിരുന്നു അത്. എന്നാല്‍ ബിജെപിക്ക് തീരെ വോട്ട് കുറവുള്ള മണ്ഡലമാണ് വയനാട്. ഇവിടെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഈസി വിജയം ഉറപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ മല്‍സരിച്ച് കരുത്ത് കാട്ടാനാണ് ബിജെപിയുടെ തീരുമാനം.
ആലത്തൂരില്‍ ടിഎന്‍ സരസുവാണ് ബിജെപി സ്ഥാനാര്‍ഥി എന്നതും എടുത്തു പറയണം. പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പലായ ഇവര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രമ്യ ഹരിദാസും കെ രാധാകൃഷ്ണനും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്.
എറണാകുളത്ത് മേജര്‍ രവി ബിജെപി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വരെയുള്ള വാര്‍ത്തകള്‍. ആദ്യം മടിച്ച് നിന്നിരുന്ന മേജര്‍ രവി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന നിലപാടിലേക്ക് എത്തിയിരുന്നു. പക്ഷേ, കെഎസ് രാധാകൃഷ്ണനാണ് നറുക്ക് വീണിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ മല്‍സരിച്ചിരുന്നു രാധാകൃഷ്ണന്‍.
കൊല്ലം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ജി കൃഷ്ണകുമാറിനെ ഇറക്കുന്നതിലൂടെ മല്‍സരം കടുപ്പിക്കുമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. എന്നാല്‍ എന്‍കെ പ്രേമചന്ദ്രനും നടന്‍ മുകേഷും തമ്മിലാകും കൊല്ലത്ത് പ്രധാന മല്‍സരം. അഞ്ചാം പട്ടികയില്‍ ബിജെപി 111 സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടികയായി.












Click it and Unblock the Notifications