മോദി പ്രസംഗിച്ച വേദിയില്‍ ചാണകം തളിക്കാന്‍ സിഐ അലവി ഒത്താശ ചെയ്തു: തൃശ്ശൂർ ബിജെപി
തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി എൻ പ്രതാപനാണെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ സി ഐ അലവി അക്രമികൾക്ക് ഒത്താശ ചെയ്ത് അവരെ സ്റ്റേജിലേക്ക് കടത്തി വിടാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ബി ജെ പി പ്രവർത്തകർ ചെയ്തത്.

അക്രമികൾക്ക് സൗകര്യം ചെയ്തത് കൊടുക്കുകയും ബി ജെ പി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്ത സി ഐ അലവിയുടെ മുൻകാല ചെയ്തികൾ ഉൾപ്പെടെ അന്വേഷണ വിധേയമാക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നൽകി. പ്രധാനമന്ത്രിയുടെ വേദിയിൽ ചാണകവെള്ളം തളിക്കാൻ അനുയായികളെ പറഞ്ഞ് വിട്ട ടി.എൻ പ്രതാപനെതിരെ ലോക്സഭാ സ്പീക്കർക്കും പരാതി നൽകി.
വടക്കുന്നാഥ ക്ഷേത്ര മൈതാനം പൊതു സ്വത്തല്ല ക്ഷേത്ര ഭൂമിയാണ്. അവിടേയ്ക്ക് ചാണക വെള്ളവും പട്ടികയുമായി തൻ്റെ പി എഫ് ഐ ബന്ധമുള്ള അനുയായികളെ പറഞ്ഞ് വിട്ട പ്രതാപൻ ഇത് മറ്റേതെങ്കിലും മതക്കാരുടെ ആരാധനാലയ സ്ഥലത്ത് ചെയ്യുമോയെന്നും അനീഷ്കുമാർ ചോദിച്ചു.
അതേസമയം, ടിഎൻ പ്രതാപൻ പിഎഫ്ഐയുടെ അടുത്തയാളാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി കെ സുരേന്ദ്രന് പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതാപന്റെ കൂടെയുള്ളത്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ പിഎഫ്ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദില്ലി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ട്. അത്തരമൊരാളാണ് പ്രതാപന് വേണ്ടി നരേറ്റീവുകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊല ചെയ്ത പിഎഫ്ഐ പ്രവർത്തകരെ പ്രതാപനാണ് സംരക്ഷിക്കുന്നത്. പ്രതാപനെതിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ചതാണ്. നൗഷാദിന്റെ കൊലപാതകം കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും തേജസ് വാരികയുടെ വരിക്കാരനായവനാണ് പ്രതാപനെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications