കേരളം പിടിക്കാനുറച്ച് ബിജെപി: രണ്ട് കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്ത് മത്സരിപ്പിക്കും, നിർമ്മലയില്ല
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ സീറ്റ് നേടിയെടുത്തേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിലാണ് ബി ജെ പിയുടെ ദേശീയ - സംസ്ഥാന ഭാരവാഹികള്‍. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി തിരുവനന്തപുരത്തിന് പുറമെ തൃശ്ശൂരിലും ബി ജെ പിക്ക് വലിയ പ്രതീക്ഷയാണുള്ളത്. രണ്ട് മണ്ഡലങ്ങളിലും ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടവുമുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിലും ബി ജെ പി ഇത്തവണ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. രണ്ട് കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ കേരളത്തില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെ ഇറക്കിയേക്കുമെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ നിർമ്മലയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കില്ലെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന വാർത്ത.

നിർമ്മല സീതാരാമനെ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ തേജസ്വി സൂര്യയാണ് നിലവിലെ എംപി. നിർമ്മല ഈ മണ്ഡലത്തിലേക്ക് വരികയാണെങ്കില്‍ തേജസ്വിയെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റിയേക്കും.
നിലവില്‍ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ രാജീവ് ചന്ദ്രശേഖറിനേയും വി മുരളീധരനേയുമാണ് ബി ജെ പി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനേയും ആറ്റിങ്ങലില്‍ വി മുരളീധരനേയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന സാഹചര്യത്തില്‍ വി മുരളീധരന് രാജ്യസഭയിലേക്ക് വീണ്ടും അവസരം നല്‍കിയേക്കില്ല. കേരളത്തില്‍ നിന്നും സംഘട രംഗത്ത് സജീവമായ ആർക്കെക്കിലുമായിരിക്കും രാജ്യസഭയിലേക്ക് അവസരം നല്‍കുക.
രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തിന് പുറമെ ബെംഗളൂരു സെന്‍ട്രലിലേക്കും പരിഗണിക്കുന്നുണ്ട്. നിലവില്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള എംപി പിസി മോഹനനാണ്. 2009 മുതല്‍ മൂന്ന് തവണ അദ്ദേഹം വിജയിച്ചു. ഇത്തവണ അദ്ദേഹത്തെ മാറ്റി പകരം ആളെ മത്സരിപ്പിക്കാന്‍ ബി ജെ പിക്കും ആലോചനയുണ്ട്.
തിരുവനന്തപുരത്ത് രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. കോണ്‍ഗ്രസിന് വേണ്ടി ഇത്തവണയും ശശി തരൂർ തന്നെയാകും ഇറങ്ങുക. എല്‍ ഡി എഫില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണ്.
രാജീവ് ചന്ദ്രശേഖരനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ ബി ജെ പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. പാർട്ടി അവസരം നൽകുകയാണെങ്കിൽ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് രാജീവ് ചന്ദ്രശേഖറും നേരത്തെ വ്യക്തമാക്കിയിരുന്നു.
ആറ്റിങ്ങല്‍ സീറ്റില്‍ ശോഭ സുരേന്ദ്രനും കണ്ണുണ്ട്. 2019 ല്‍ ശോഭ സുരേന്ദ്രനായിരുന്നു മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി. മണ്ഡലത്തിൽ നിന്നും രണ്ടരലക്ഷത്തിലേറെ വോട്ട് നേടാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. 2014 ല്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് വിഹിതം ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. അതിനാൽ ഇത്തവണയും തനിക്ക് സീറ്റ് വേണമെന്നതാണ് ശോഭയുടെ നിലപാട്.
അതേസമയം, തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ അനൌദ്യോഗിക പ്രചരണവും അദ്ദേഹം തുടങ്ങി. 2019 ല്‍ സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്.












Click it and Unblock the Notifications