ബിജെപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി കുൽദീപ് ബിഷ്‌ണോയി: എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ്
ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ആദംപൂർ എം എൽ എ കുൽദീപ് ബിഷ്‌ണോയി ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായിട്ടാണ് കുൽദീപ് ബിഷ്‌ണോയി കൂടിക്കാഴ്ച നടത്തിയത്. രണ്ടാഴ്ചയ്ക്കിടെ ബിഷ്‌ണോയി ബിജെപി നേതൃത്വവുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇതോടെ അദ്ദേഹത്തിന്റെ പാർട്ടി മാറ്റ ചർച്ചകള്‍ കൂടുതല്‍ ശക്തമായി.
ജൂലൈ 10 ന് ബിഷ്‌ണോയി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി ജെ പി അധ്യക്ഷൻ നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ നദ്ദയെയും ഖട്ടറിനെയും കണ്ടതിന് ശേഷം ബിഷ്‌ണോയി ഇരു നേതാക്കളെയും പ്രശംസിക്കുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തുവെന്നാണ് നദ്ദയെ കണ്ട ശേഷം ബിഷ്‌ണോയ് അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ഹരിയാനയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഒരു സുപ്രധാന ചർച്ച നടത്തിയെന്ന് ഖട്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും ബിഷ്‌ണോയ് പറഞ്ഞു. 53 കാരനായ നിയമസഭാംഗത്തെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ആദംപൂർ നിയമസഭാംഗത്തിന് സ്വന്തം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും എം എല്‍ എ സ്ഥാനം അദ്ദേഹം രാജിവയ്ക്കണമെന്ന് മുൻ ഹരിയാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കിയിരുന്നു.
നാല് തവണ എം എൽ എയും രണ്ട് തവണ എം പിയും ആയിട്ടുള്ള ബിഷ്‌ണോയി, ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ ഇളയ മകനും ഈ വർഷമാദ്യം ഹരിയാന യൂണിറ്റ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവുമാണ്. എന്നാല്‍ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാതായതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകലുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഹൂഡയുടെ വിശ്വസ്തനായ ഉദയ് ഭാനിനെയായിരകുന്നു പാർട്ടി ഹരിയാന യൂണിറ്റ് തലവനായി നിയമിച്ചത്.
കോൺഗ്രസിലെ ചില നേതാക്കൾക് പ്രത്യേക നിയമങ്ങളാണെന്നായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബിഷ്‌ണോയി അഭിപ്രായപ്പെട്ടത്. നിയമങ്ങൾ നേതാക്കളെ നോക്കി തിരഞ്ഞെടുത്ത് പ്രയോഗിക്കുകയാണ്. ഞാന്‍ എന്റെ ധാർമ്മികതയിലൂന്നിയാണ് പ്രവത്തിക്കുന്നതെന്നും ബിഷ്ണോയി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications