ക്രിസ്ത്യൻ വോട്ട് പിടിക്കാൻ പദ്ധതിയുമായി ബിജെപി; മാർപാപ്പയെ എത്തിക്കാൻ നീക്കം, തൃശ്സൂർ 'എടുക്കും? ',
കേരളം പിടിക്കാൻ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവിൽ നേരത്തെ തന്നെ ക്രൈസ്തവ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിയസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരളത്തിലും ക്രിസ്ത്യൻ വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. മതപരിവർത്തന വിഷയം ഉൾപ്പെടെ ഉയർത്തികാട്ടിയും ക്രൈസ്തവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പിന്തുണ നൽകിയും സമുദായത്തെ ഒപ്പം നിർത്താനുള്ള പദ്ധതികളാണ് ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നത്.
കേരളം പിടിക്കാൻ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പി നേരത്തെ തന്നെ ക്രൈസ്തവ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഏതാനും മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അത്മായ നേതാക്കൾ ചേർന്ന് ഭാരതീയ ക്രൈസ്തവ സംഗമം എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്.
എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ ക്രിസ്ത്യൻ വിഭാഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ചർച്ചകൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ദേശീയ നേതാക്കൾ അടുത്തിടെ കേളത്തിൽ എത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍, മുതിര്‍ന്ന നേതാവ് ഡോ. രാധാമോഹന്‍ അഗര്‍വാള്‍ എം പി എന്നിവരായിരുന്നു സംസ്ഥാനത്ത് എത്തിയത്. ഇവർ സമുദായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മതപരിവർത്തനം പാടില്ലെന്ന ക്രൈസ്തവ സഭകളുടെ നിലപാട് ആവർത്തിക്കുകയായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി ജെ പി ചെയ്തത്. കേരളത്തിലും സമാന നിലപാടിലൂന്നിയാകും ക്രിസ്ത്യൻ പിന്തുണ ബി ജെ പി തേടുക. മുൻപ് തലശേരി ബിഷപ് ഉയര്‍ത്തിയ ലൗ ജിഹാദ് വിവാദത്തിലും പാലാ ബിഷപ് ഉയർത്തിയ നർക്കോടിക് ജിഹാദ് വിവാദത്തിലും ക്രിസ്ത്യൻ സമുദായങ്ങൾക്കൊപ്പമായിരുന്നു ബിജെപി. ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യുമെന്ന് തന്നെയാണ് ബി ജെ പി നേതൃത്വം കരുതുന്നത്.
കേരളത്തിൽ മാർപാപ്പയുടെ സന്ദർശനവും ക്രിസ്ത്യൻ വിഭാഗങ്ങളുടെ സഹകരണത്തിന് സഹായിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.സംസ്ഥാനത്ത് ബി ജെ പിക്ക് സാധ്യതയുള്ള രണ്ട് മണ്ഡലങ്ങളിൽ മാർപാപ്പയെ എത്തിക്കാനുള്ള ശ്രമങ്ങളും ബി ജെ പി നടത്തുന്നുണ്ട്. ഇതിൽ ഒന്ന് ബി ജെ പി ഏറെ പ്രതീക്ഷ പുലർത്തുന്ന ക്രിസ്ത്യൻ സമുദായങ്ങൾക്ക് സ്വാധീനമുള്ള തൃശ്ശൂരിലായിരിക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി ജെ പിക്ക് വലിയ മുന്നേറ്റം നേടാൻ സാധിച്ചിരുന്നു. അന്ന് ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു മണ്ഡലത്തിൽ ഇറങ്ങിയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജീവമായ ഇടപെടലായിരുന്നു സുരേഷ് ഗോപി നടത്തിയത്. ഇവിടെ ബിജെപി വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ പിന്തുണ കൂടി ഉറപ്പാക്കാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.
അതേസമയം മുസ്ലീം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും ബി ജെ പി ആരംഭിക്കും. മുസ്‌ലിംകൾക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കേന്ദ്രപദ്ധതികൾ ചൂണ്ടിക്കാട്ടിയുളള പ്രചരണങ്ങൾ ആണ് പാർട്ടി ആലോചിക്കുന്നത്. കൂടാതെ നോമ്പിന് ശേഷം മുസ്ലീം വീടുകൾ കേന്ദ്രീകരിച്ചുള്ള ജനസമ്പർക്ക പരിപാടികളും ബി ജെ പി നടത്തും.കേരളത്തിൽ ന്യൂനപക്ഷങ്ങളോടുചേർന്ന് 'മോദിമിത്രങ്ങൾ' എന്ന പേരിൽ പുതിയ സംഘം രൂപീകരിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു അറിയിച്ചു.












Click it and Unblock the Notifications