ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ്, കോഴിക്കോട്ട് ചികിത്സയില്‍!!
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സുരേന്ദ്രന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര നേതാക്കളുമായി കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യം വിശദീകരിക്കാനാണ് അദ്ദേഹം ദില്ലിയില്‍ പോയത്. അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടെത്തിയ ഉടനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 13നാണ് നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും നദ്ദ ആവശ്യപ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നദ്ദ വ്യക്തമാക്കി.
നേരത്തെ മന്ത്രി എകെ ബാലനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനുവരി ആറിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മന്ത്രി. തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ പരിപാടികളെല്ലാം മാറ്റി വെച്ചതായി ഓഫീസ് അറിയിച്ചിട്ടുണ്ട്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.