'മോദിയെ അംഗീകരിച്ചാല്‍ സ്വാഗതം;മാണി സി കാപ്പനെ ക്ഷണിച്ച് ബിജെപി,തള്ളി കാപ്പൻ..ആശങ്ക ഒഴിയാതെ നേതൃത്വം
കോട്ടയം: മാണി സി കാപ്പനെ സ്വാഗതം ചെയ്ത് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വരുന്ന കാലമാണിത്. നരേന്ദ്രമോദിയെ അംഗീകരിച്ചാല്‍ കാപ്പനെ ബിജെപി സ്വീകരിക്കുമെന്ന് ഹരി പറഞ്ഞു. പാലായില്‍ എത്തിയ ബിജെപി നേതാക്കള്‍ മാണി സി കാപ്പനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹവും എന്‍ ഹരി ശരിവച്ചു. എന്നാല്‍ ആ കൂടിക്കാഴ്ച്ചക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഹരി പറഞ്ഞു.
'മാണി സി കാപ്പന്‍ എനിക്ക് വളരെ അടുത്ത അറിയാവുന്ന ആളാണ്. മോദിയെയും സര്‍ക്കാരിനെയും അംഗീകരിച്ച് കൊണ്ട് ആര് വന്നാലും ബിജെപി സ്വീകരിക്കും. ഇതാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും നിലപാട്. ബിജെപി നേതാക്കള്‍ പാലായില്‍ എത്തിയപ്പോള്‍ കാപ്പനെ കണ്ടിരുന്നു. അത് കൂടിക്കാഴ്ച എന്ന നിലയില്‍ അല്ല. പല ആളുകളും പരസ്പരം കാണാറുണ്ട്. എല്ലാവരെയം അങ്ങോട്ടും ഇങ്ങോട്ടും കാണുന്നുണ്ട്. കൂടിക്കാഴ്ച എന്നൊന്നും പറയേണ്ട. കോണ്‍ഗ്രസിലെ എംഎല്‍എമാരും എംപിമാരും മോദിയെ അംഗീകരിച്ച് ദിനംപ്രതി ബിജെപിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അംഗം പോലുമില്ലാതെ ചുരുങ്ങി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മോദിയെ അംഗീകരിച്ചാല്‍ ആരെയും സ്വീകരിക്കും.' ഹരി പറഞ്ഞു.

അതേസമയം ബിജെപിയിൽ ചേരുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങള്‍ മാണി സി കാപ്പൻ തള്ളി. താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ മുന്നണി വിടില്ലന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു

എന്നാല്‍ ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാറ്റം തള്ളാതെയുള്ള മറുപടിയായിരുന്നു കഴിഞ്ഞ ദിവസം കാപ്പൻ നല്‍കിയത്.'രാഷ്ട്രീയമല്ലേ, കാലം മാറിവരുമെന്നായിരുന്നു' മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കാപ്പൻ്റെ മറുപടി. ഇതിന് പിന്നാലെയാണ് വാര്‍ത്തകളെ എല്ലാം തള്ളിക്കൊണ്ടുള്ള കാപ്പന്‍റെ പുതിയ പ്രസ്‌താവന. ദ്രൗപതി മുര്‍മുവിന്റെ വോട്ടും ബിജെപി ബന്ധവും ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ ആളിക്കത്തിയതോടെയാണ് കാപ്പൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇതോടെ വെട്ടിലായ കോണ്‍ഗ്രസ് നേതൃത്വം കാപ്പന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കണമെന്ന് അറിയിച്ചതായാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് എൽഡിഎഫ് വിട്ട് മാണി സി കാപ്പൻ യുഡിഎഫിലെത്തിയത്.

പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫുമായി കലഹിച്ച കാപ്പൻ മുന്നണി വിടുകയും എൻസിപി പിളര്‍ത്തി തന്‍റെ നേതൃത്വത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് യുഡിഎഫ് പിന്തുണയോടെ വലിയ ഭൂരിപക്ഷത്തിലാണ് കാപ്പൻ പാല പിടിച്ചടക്കിയത്. എന്നാല്‍ പിന്നീട് യുഡിഎഫില്‍ തഴയപ്പെടുന്നുവെന്ന ആരോപണം മാണി സി കാപ്പൻ ഉന്നയിച്ചിരുന്നു. നേതൃത്വം തന്നെ അകറ്റി നിർത്തുകയാണെന്നായിരുന്നു കാപ്പന്‍റെ പരാതി. കോൺഗ്രസ് ചിന്തൻ ശിബിരത്തില്‍ ജോസ് കെ മണി പക്ഷത്തെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നത് ജോസിന്‍റെ വരവോടെ എല്‍ഡിഎഫ് പടിയിറങ്ങിയ കാപ്പന് അത്ര രസിച്ചില്ല എന്നാണ് സൂചനകള്‍.. ഇതിന് പിന്നാലെയാണ് കാപ്പന്‍റെ ബിജെപി പ്രവേശനവും ചര്‍ച്ചയായി തുടങ്ങിയത്. പ്രചാരണം ശക്തി പ്രാപിച്ചപ്പോഴെല്ലാം തള്ളാതെ മൗനം പാലിച്ച കാപ്പൻ നേത്യത്വത്തിന്‍റെ ഇടപടലിന് ശേഷമാണ് പുതിയ പ്രസ്താവനയുമായി എത്തിയത് എന്നതും ശ്രദ്ധേയം. അതുകൊണ്ട് തന്നെ ബിജെപിയുടെ പരസ്യമായ ക്ഷണവും, തള്ളാതെ തള്ളിയുമുള്ള കാപ്പന്‍റെ നിലപാടും മുന്നണി ക്യാമ്പിന് ആശ്വാസം പകരുന്നതല്ല എന്ന് വ്യക്തം.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications