'2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും', 2024ൽ കുറഞ്ഞത് 5 സീറ്റെങ്കിലുമെന്ന് ജാവദേക്കർ
ദില്ലി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചിത്രം ആകെ മാറുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇന്ന് കേരളത്തില്‍ ആരോട് ചോദിച്ചാലും മോദി തന്നെ അധികാരത്തില്‍ വരും എന്നാണ് പറയുക. രാജ്യത്തിനാകെ ആ ആത്മവിശ്വാസമുണ്ട്. കേരളത്തിന്റെ വോട്ടിംഗ് രീതിയിലും മാറ്റം വരുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 15 ശതമാനം വോട്ടാണ് ലഭിക്കുന്നത്. അത് 25 ശതമാനത്തിലേക്ക് ഉയര്‍ത്തിയാലാണ് വിജയം സാധ്യമാവുക. കേരളത്തില്‍ തങ്ങള്‍ നടത്തിയ സര്‍വ്വേകളില്‍ മോഡിക്കുളള അംഗീകാരം 40 ശതമാനത്തിനടുത്താണ്. അത് ബിജെപിക്കുളളത് കൂടിയാക്കി മാറ്റുക എന്നതാണ് ചെയ്യാനുളളത് എന്നും പ്രകാശ് ജാവദേക്കര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ദീര്‍ഘകാലമായി കേരളത്തില്‍ രണ്ട് മുന്നണികള്‍ മാത്രമായിരുന്നു. ഇവര്‍ക്ക് ശക്തമായ അടിത്തറയുണ്ട്. അതിനെ കുറച്ച് കാണുന്നില്ല. എന്നാല്‍ ഇപ്പോള്‍ മോദിയുടെ മികച്ച ഭരണം കാരണം ബിജെപിക്കും സാധ്യതയുണ്ട്. കേരളത്തിലെ രണ്ട് ശക്തമായ ന്യൂനപക്ഷ സമുദായങ്ങളും ബിജെപിക്കിപ്പോള്‍ അവസരങ്ങളാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വീടുകളില്‍ വലിയ സ്വീകരമാണ് ലഭിച്ചത്.
ഈദിന് മുസ്ലീം വീടുകളും സന്ദര്‍ശിക്കുന്നുണ്ട്. മോദിയോ ബിജെപിയോ സമുദായങ്ങളെ വേര്‍തിരിച്ച് കാണുന്നില്ല. എല്ലാ ഇന്ത്യക്കാരും ഒന്നും തുല്യരുമാണ്. ഇത് വോട്ടുകള്‍ നേടുന്നതിനെ കുറിച്ചല്ല, ഹൃദയങ്ങള്‍ കീഴടക്കുന്നതിനെ കുറിച്ചാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോവുകയാണ് ലക്ഷ്യം. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.
രണ്ട് കൂട്ടരും തങ്ങളുടെ ശത്രുക്കളാണ്. കാരണം രണ്ട് പേരും കേരളത്തിന് അര്‍ഹിക്കുന്നത് നല്‍കിയില്ല. രണ്ട് പേരെയും തങ്ങള്‍ തോല്‍പ്പിക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 5 സീറ്റുകളെങ്കിലും ബിജെപി പിടിക്കും. ഏതൊക്കെ സീറ്റുകളെന്ന് ഇപ്പോള്‍ പറയുന്നില്ല... മാത്രമല്ല 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും ചെയ്യുമെന്നും ജാവദേക്കര്‍ പറഞ്ഞു.
2024 ആണ് ബിജെപിയുടെ സമയം. 2019ല്‍ കേരളം കരുതി മോദി എന്നത് ഒരു തവണ സംഭവിക്കുന്ന അത്ഭുതമാണെന്ന്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും സംഭാവനകളെ കുറിച്ച് അറിയാം. മുസ്ലീംങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുളളത് എല്‍ഡിഎഫും യുഡിഎഫും സൃഷ്ടിച്ചെടുത്ത ധാരണ മാത്രമാണ്. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും അടക്കമുളളവര്‍ മോദി എന്താണ് തങ്ങള്‍ക്കായി ചെയ്യുന്നതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്്്.
ഒരു എംപി പോലും ഇല്ലാഞ്ഞിട്ടും കേരളത്തിന് മോദി പലതും തന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി എവിടെയും ഇല്ലായിരുന്നു. 2012ലും 17ലും തനിക്ക് മണിപ്പൂരിന്റെ ചുമതലയായിരുന്നു. 2012ല്‍ ബിജെപിയുടെ വോട്ട് 3 ശതമാനം മാത്രമായിരുന്നു.. 2017ല്‍ 33 ശതമാനം വോട്ട് നേടി തങ്ങള്‍ അധികാരത്തില്‍ വന്നു. 2022ലും അധികാരം നേടി. കേരളത്തില്‍ തങ്ങള്‍ക്ക് 15 ശതമാനം വോട്ടെങ്കിലും ഉണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications