മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബുറാഖ് എന്ന ബോട്ടാണ് മറിഞ്ഞത്. 20 പേരാണ് ബോട്ടിലുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. 16 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മറിഞ്ഞത്. ശക്തമായ തിരയിൽ പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാർ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും, പൊഴിയുടെ ഇരു കരകളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ആധുനിക ലൈറ്റുകൾ സ്ഥാപിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകും, യാനങ്ങൾക്കു കൃത്യമായി ദിശ മനസിലാക്കുന്നതിന് ലൈറ്റ് ബോയ്കൾ സ്ഥാപിക്കും തുടങ്ങിയ ഉറപ്പുകളായിരുന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ.
മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
അതേസമയം കഴിഞ്ഞാഴ്ച വീണ്ടും മുതലപ്പൊഴിയിൽ അപകടം ഉണ്ടായിരുന്നു. നാല് പേരുമായി കടലിൽ പോയ ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമായിരുന്നു അപകടത്തിൽപ്പെട്ടത്. നാല് പേരേയും പിന്നീട് രക്ഷപ്പെടുത്തിയിരുന്നു. ജുലൈ 4 ന് നടന്ന ബോട്ട് അപകടത്തിൽ ഇവിടെ നാല് പേർ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളികളുടെ മരണത്തിൽ അന്ന് കടുത്ത പ്രതിഷേധമായിരുന്നു സർക്കാരിന് നേരിടേണ്ടി വന്നത്. പ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രിമാരുടെ സംഘത്തെ നാട്ടുകാർ ചേർന്ന് തടയുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പുലിമട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയക്കെതിരേയും കടുത്ത പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നത്.












Click it and Unblock the Notifications