കോംഗോയില്‍ വിമത റാലിക്കിടെ സ്ഫോടനവും വെടിവെയ്പ്പും: 11 മരണം; 65 പേർക്ക് പരിക്ക്
ആഭ്യന്തര സംഘർഷം രൂക്ഷമായ കോംഗോയില്‍ ബോംബ് സ്ഫോടനത്തില്‍ 11 പേർ കൊല്ലപ്പെട്ടു. കിഴക്കൻ കോംഗോ നഗരമായ ബുക്കാവിൽ വ്യാഴാഴ്ച M23 വിമതർ നടത്തിയ റാലിയിൽ ഉണ്ടായ സ്ഫോടനങ്ങളില്‍ 65 പേർക്ക് പരിക്കേറ്റതായും വിമത സഖ്യത്തിന്റെ നേതാവ് കോർണൈൽ നംഗ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ആക്രമണത്തില്‍ കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ബോംബ് സ്ഫോടനത്തിനൊപ്പം തന്നെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ഫെലിക്‌സ് ഷിസെകെദിയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റാലിക്ക് നേതൃത്വം നല്‍കിയ കോർണൈൽ നംഗ ആരോപിക്കുന്നത്. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ സുരക്ഷിതരാണെന്നും നംഗ വ്യക്തമാക്കി.

കോംഗോയിൽ ബുറുണ്ടി സൈന്യം ഉപയോഗിക്കുന്ന അതേ തരം ഗ്രനേഡുകളാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നതെന്നും വിമത നേതൃത്വം ആരോപിക്കുന്നു. എന്നാല്‍ ബുക്കാവുവിൽ ബുറുണ്ടിയൻ സൈനികർ ഇല്ലെന്ന് ബുറുണ്ടിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഗാസ്പാർഡ് ബരാറ്റുസ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം ഗ്രനേഡുകളെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം അയല്‍രാജ്യമായ റുവാണ്ടയാണ് വിമതരെ പിന്തുണയ്ക്കുന്നതെന്ന വാദം കോംഗോയുടെ പ്രസിഡന്റ് ഇന്നും ആവർത്തിച്ചു. സ്ഫോടനത്തില്‍ നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും കോംഗോ മണ്ണിൽ നിയമവിരുദ്ധമായി സാന്നിദ്ധ്യം ഉറപ്പിച്ച വിദേശ സൈന്യത്തെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെയായി വിമതർ രംഗത്ത് ഉണ്ടെങ്കിലും ഈ വർഷം ആദ്യം മുതലാണ് കോംഗോയിലെ വിമത നീക്കം ശക്തമായത്. ബുക്കാവുവും മേഖലയിലെ ഏറ്റവും വലിയ നഗരമായ ഗോമയും എം23 വിമത ഗ്രൂപ്പ് പിടിച്ചെടുത്തു. കോംഗോയിലും സമീപത്തും വിമതർ നടത്തുന്ന മുന്നേറ്റത്തിനെതിരെ സൈന്യം രംഗത്ത് വരുന്നത് യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണം ഭയന്ന് നിരവധിയാളുകള്‍ നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്തു. അയല്‍ രാജ്യമായ റുവാണ്ടയുടെ പിന്തുണയോടെയാണ് വിമത നീക്കം.
അതിനിടെ കോംഗോയിലെ മറ്റൊരു വിമത സംഘമായ എ ഡി എഫ് നടത്തിയ ഭീകരാക്രമണത്തില്‍ 70 പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. നോര്‍ത്ത് കിവുവിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ സംഘം ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന എ ഡി എഫ് ഉഗാണ്ടയും കോംഗോയും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായും സംഘടനയ്ക്ക് ബന്ധമുണ്ട്.












Click it and Unblock the Notifications