മോദി സർക്കാരിന്റെ അടയാളമായി ബുൾഡോസർ മാറി; രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്
പത്തനംതിട്ട: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം പി ബി അംഗം ബൃന്ദ കാരാട്ട്.
മോദി സർക്കാരിന്റെ അടയാളമായി ബുൾഡോസർ മാറിയെന്ന് അവർ വിമർശിച്ചു. പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. ഭരണഘടന, മൗലീകാവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവ ബുൾഡോസർകൊണ്ട് തകർക്കുകയാണ് ബി ജെ പി സർക്കാർ. ന്യൂനപക്ഷങ്ങളോടുള്ള ബി ജെ പി സർക്കാരിന്റെ സമീപനമാണ് തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കണ്ടതെന്നും സി പി എം നേതാവ് ആരോപിച്ചു.
സാധാരണ ജനങ്ങളുടെ കെട്ടിടങ്ങളാണ് ബുൾഡോസൾ ഉപയോഗിച്ച് തകർക്കുന്നത്. അംബാനിയുടെയോ അദാനിയുടെയോ അല്ല. മത ആഘോഷങ്ങൾ സമത്വവും സമാധാനവും ഉൾപ്പെടെയുള്ള സന്ദേശമാണ് ഉയർത്തേണ്ടത്. എന്നാൽ രാമനവമി ആഘോഷങ്ങളുടെ മറവിൽ എട്ട് സംസ്ഥാനങ്ങളിൽ മുസ്ലിം ജനവിഭാഗങ്ങളെ ആക്രമിക്കുകയാണ് സംഘ്‌പരിവാർ ആൾക്കൂട്ടം ചെയ്‌തത്. സ്‌ത്രീകളും വിധവകളും ഉൾപ്പെടെയുള്ളവർ രാവും പകലും അധ്വാനിച്ച് ഉണ്ടാക്കിയ വീടുകൾ ആണ് ജഹാംഗീർപുരിയിൽ തകർത്തത്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ട രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്.
മനുവാദ, ഹിന്ദുത്വ ആശയങ്ങളാണ് ബി ജെ പി നടപ്പാക്കുന്നത്. കേരളത്തിൽ ബിജെപി ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ നേതൃത്വത്തെ കാണുകയും പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ക്രിസ്‌ത്യൻ സമൂഹം ആക്രമിക്കപ്പെടുകയാണ്. മധ്യപ്രദേശിലും കർണാടകയിലും ബി ജെ പി മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നു. കോൺഗ്രസും ഇതിനെല്ലാം അനുവാദം നൽകുകയാണ്.
മെയ്‌ക്ക് ഇൻ ഇന്ത്യയല്ല, സെൽ ഇന്ത്യയാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയ്‌ക്ക് വിറ്റുതുലക്കുകയാണ്. നിർമാണമല്ല, വിൽപ്പനയാണ് ഇന്ത്യയിൽ നടക്കുന്നത്. റെയിൽവേ, എയർ ഇന്ത്യ എന്നിവ ഉദാഹരണങ്ങളാണ്. ഡി വൈ എഫ് ഐ പോലുള്ള സംഘടനകൾ മാത്രമാണ് ഇതിനെതിരായി പ്രതികരിക്കുന്നത്. അംബാനിയും അദാനിയും ഈ രംഗത്തേക്ക് കടന്നുവന്നാൽ ബി ജെ പിക്കും കോൺഗ്രസിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
10000 രൂപപോലും മാസവരുമാനം ഇല്ലാത്ത കുടുംബങ്ങളാണ് രാജ്യത്ത് അധികവും. അവിടെയാണ് ദിവസം പതിനായിരം കോടി ഈ കോർപ്പറേറ്റുകൾ ലാഭമുണ്ടാക്കുന്നത്. പുരോഗമന കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആർഎസ്‌എസ് അടക്കമുള്ള സംഘടനകളുടെ ആക്രമണങ്ങളെ ശക്തമായി നേരിട്ടുകൊണ്ടാണ് ഡി വൈ എഫ് ഐ പ്രവർത്തിക്കുന്നത്. മഹാമാരിയുടെ കാലത്ത് മോദി ഉയർത്തിവിട്ട ജനവിരുദ്ധ സാഹചര്യങ്ങളെ നേരിടുന്നതിന് ഇടതുപക്ഷ സർക്കാരാണ് വ്യത്യസ്‌തമായ നയപരിപാടിയുമായി നിലയുറപ്പിച്ചത്. ഇത്തരം ബദൽ നയങ്ങൾ നടപ്പാക്കുന്നതിനാൽ കേന്ദ്രം കേരളത്തെ ആക്രമിക്കുകയാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.