'വലിയ മനുഷ്യസ്നേഹി'; പിണറായി സര്‍ക്കാരിന് സുരേഷ് ഗോപിയുടെ രോമത്തില്‍ പോലും തൊടാനാകില്ലെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ് ഈ കേസ്. സുരേഷ് ഗോപിക്കെതിരായ രാഷ്ട്രീയ വേട്ടയെ ജനങ്ങളെ അണിനിരത്തി നേരിടും,' കെ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപി എന്നും അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ കൊള്ളയ്ക്കെതിരായി ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടല്‍ അദ്ദേഹത്തിനെതിരായി സര്‍ക്കാര്‍ നടത്തുന്നത്.
ഇത് കേരളസമൂഹം അനുവദിച്ച് കൊടുക്കില്ല എന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി തന്നെ ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത് പിണറായി വിജയന്റെ അജണ്ടയാണ് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു.
അത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി എന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ വായടപ്പിക്കാനുള്ള ശ്രമമാണ് എന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്.
എന്നാല്‍ അതൊന്നും തങ്ങള്‍ വിലവെക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് വിളിച്ചപ്പോള്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം ടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയിരുന്നു.












Click it and Unblock the Notifications