നബിദിന റാലിയിലെ പട്ടാള വേഷക്കാര്‍ കുടുങ്ങും
കാസര്‍കോട്: നബിദിനത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ പട്ടാള വേഷം ധരിച്ചെത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോടിനടുത്ത് അണങ്കൂരും കാഞ്ഞങ്ങാടിനടുത്തുള്ള ആറങ്ങാടിയിലും ആണ് നബിദിന റാലിയില്‍ ചിലര്‍ പട്ടാള വേഷം ധരിച്ച് പങ്കെടുത്തത്.
ഇന്ത്യന്‍ സൈനികര്‍ ധരിക്കുന്ന ജംഗിള്‍ കാമൂഫ്‌ലാഷ് യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. സൈനിക വേഷം ദുരുപയോഗം ചെയ്തു എന്ന് പേരിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരമാണ് കേസ്.

അണങ്കൂരിലും ആറങ്ങാടിയിലും ആയി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ബൈക്ക് റാലി നടത്തിയതിന്റെ പേരിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് 2012 ല്‍ നടന്ന നബിദിന റാലിയും പട്ടാള വേഷത്തിന്റെ പേരില്‍ വിവാദമായിരുന്നു. കാസര്‍കോട് ജില്ലയില്‍ തന്നെയായിരുന്നു അന്നും പ്രശ്‌നങ്ങള്‍ ഉണ്ടായത്. നൂറോളം പേര്‍ക്കെതിരെയായിരുന്നു അന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പട്ടാള വേഷം സംബന്ധിച്ച് പള്ളി കമ്മിറ്റികളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഒരു പറ്റം യുവാക്കള്‍ പട്ടാള വേഷത്തില്‍ റാലിയില്‍ പങ്കെടുത്തെന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ പട്ടാള വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്.












Click it and Unblock the Notifications